
കൊച്ചി : ജൂണ്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് സിനിമാ സമരം. ഷൂട്ടിങ്ങും സിനിമ പ്രദര്‍ശനവും ഉള്‍പ്പെടെ സിനിമാ മേഖല സ്തംഭിപ്പിച്ചാണ് സമരം സംഘടിപ്പിക്കുക. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിക്കണം, താരങ്ങളുടെയടക്കം വലിയ പ്രതിഫലം കുറയ്ക്കണം തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
മലയാള സിനിമ വലിയ പ്രതിസന്ധിയിലാണെന്നും 12 ശതമാനം സിനിമകള്‍ മാത്രമാണ് വിജയിക്കുന്നതെന്നും വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം 700 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നും ഈ വര്‍ഷം ജനുവരിയില്‍ ഇറങ്ങിയ 28 ചിത്രങ്ങളില്‍ ഒരു ചിത്രം മാത്രമാണ് രക്ഷപ്പെട്ടതെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു. 101 കോടിയുടെ നഷ്ടം മാത്രം ജനുവരിയില്‍ ഉണ്ടായി. താരങ്ങളുടെ പ്രതിഫലം മലയാള സിനിമയ്ക്ക് താങ്ങാവുന്നതിന്റെ പത്തിരട്ടിയാണെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടി. സിനിമയില്‍ നേട്ടം താരങ്ങള്‍ക്ക് മാത്രമാണെന്നും ചില സംവിധായകരും വന്‍ തുക പ്രതിഫലം വാങ്ങുന്നുവെന്നും നിര്‍മാതാക്കള്‍ ആരോപിച്ചു.