
ന്യൂയോർക്ക്: സാമൂഹ്യ മാധ്യമങ്ങളിലെ പരസ്യം കണ്ട് മഞ്ഞൾ ഗുളികകൾ കഴിച്ചു തുടങ്ങിയ യുവതിക്ക് കരൾ രോഗം പിടിപെട്ടു. ഇൻസ്റ്റാഗ്രാമിൽ ഒരു ഡോക്ടർ മഞ്ഞളിന്റെ ഗുണങ്ങളെക്കുറിച്ച് സംസാരിക്കുന്നത് കണ്ടാണ് കാറ്റി മോഹൻ (57) എല്ലാ ദിവസവും മഞ്ഞൾ ഗുളികകൾ കഴിക്കാൻ തുടങ്ങിയത്. നീർക്കെട്ടും സന്ധി വേദനയും കുറയ്ക്കാൻ ഇത് സഹായിക്കുമെന്നായിരുന്നു ഡോക്ടറുടെ വാദം.
എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ കാറ്റിക്ക് വയറുവേദന, ഓക്കാനം, ക്ഷീണം എന്നിവ അനുഭവപ്പെട്ടു തുടങ്ങി.
എല്ലാ ദിവസവും ധാരാളം വെള്ളം കുടിച്ചിട്ടും തന്റെ മൂത്രത്തിന് കടുത്ത നിറമുണ്ടെന്നും കാറ്റി ശ്രദ്ധിച്ചു.
തന്റെ ലക്ഷണങ്ങളെ ഹെർബൽ ഗുളികകളുമായി മോഹൻ തുടക്കത്തിൽ ബന്ധപ്പെടുത്തിയില്ല. മെയ് മാസത്തിൽ ഹെർബൽ സപ്ലിമെന്റുകൾ മൂലമുണ്ടാകുന്ന കരൾ തകരാറുകളുടെ വർദ്ധിച്ചുവരുന്ന നിരക്കിനെക്കുറിച്ചുള്ള ന്യൂസ് റിപ്പോർട്ട് കണ്ടപ്പോഴാണ് ഇതാണോ തൻ്റെയും പ്രശ്നമെന്ന് കാറ്റി ചിന്തിച്ചത്.
വാർത്തയിൽ പറയുന്ന രോഗിക്കും
അതേ ലക്ഷണങ്ങൾ തന്നെയായിരുന്നു. അദ്ദേഹവും 2,250 മില്ലിഗ്രാം വീതം ഉയർന്ന അളവിൽ മഞ്ഞൾ ഗുളികകൾ കഴിക്കുന്നയാളായിരുന്നു.
അമേരിക്കയിൽ എത്ര അളവ് മഞ്ഞൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളില്ല. കൂടാതെ മഞ്ഞൾ ഗുളികകൾക്ക് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ അംഗീകാരവുമില്ല. ലോകാരോഗ്യ സംഘടനയുടെ ഒരു വിലയിരുത്തൽ പ്രകാരം, ശരീരഭാരത്തിന്റെ ഓരോ കിലോഗ്രാമിനും 0-3 മില്ലിഗ്രാം എന്നതാണ് ഒരു ദിവസം കഴിക്കാവുന്ന മഞ്ഞളിന്റെ അളവ്. 150 പൗണ്ട് (ഏകദേശം 68 കിലോഗ്രാം) ഭാരമുള്ള ഒരു സ്ത്രീക്ക് ഇത് പ്രതിദിനം ഏകദേശം 200 മില്ലിഗ്രാം മഞ്ഞളായിരിക്കും.
ഉടൻ തന്നെ കാറ്റി അടിയന്തര പരിചരണ വിഭാഗത്തിൽ ചികിത്സ തേടി. രക്തപരിശോധനയിൽ അവരുടെ കരൾ എൻസൈം നില സാധാരണ പരിധിയുടെ 60 മടങ്ങ് കൂടുതലാണെന്ന് കണ്ടെത്തി. ന്യൂജേഴ്‌സിയിലെ ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ച അവരെ പിന്നീട് ന്യൂയോർക്ക് സിറ്റിയിലെ എൻവൈയു ലാംഗോൺ ആശുപത്രിയിലേക്ക് മാറ്റി.














