
തിരുവനന്തപുരം: മുന്‍ കേന്ദ്രമന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖര്‍ ബി ജെ പി സംസ്ഥാന അധ്യക്ഷനാകാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കെ സുരേന്ദ്രന്റെ പിന്‍ഗാമിയായിട്ടാണ് രാജീവ് സംസ്ഥാന ബി ജെ പിയുടെ തലപ്പത്തെത്തുന്നത്. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ എത്തി വരണാധികാരിയായ നാരായണൻ നമ്പൂതിരി മുമ്പാകെയാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. എതിരാളികളില്ലാത്തതിനാൽ നാളെ രാജീവിനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിക്കും. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രിമാർ, മുൻ സംസ്ഥാന അധ്യക്ഷൻമാർ അടക്കം മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പത്രിക നൽകിയത്. ശോഭ സുരേന്ദ്രൻ വൈകിയാണ് എത്തിയത്.
ടെക്നോക്രാറ്റ് എന്ന നിലയിൽ ആഗോളതലത്തിൽ ശോഭിച്ച് നിൽക്കേ തന്നെ തന്നെ പൊതുരംഗത്തേക്ക് ഇറങ്ങിയ ആളാണ് രാജീവ് ചന്ദ്രശേഖർ. രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ ഇലക്ട്രോണിക്സ് ആന്റ് ഐടി സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ. കര്‍ണാടകയില്‍ നിന്ന് 3 തവണ രാജ്യസഭയിലെത്തി. രണ്ടുപതിറ്റാണ്ടിന്‍റെ രാഷ്ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്ട്രീയത്തിന്‍റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.
















