ഒരു വീഴ്ചയും ഉണ്ടാകില്ല, ഉറപ്പാക്കാൻ കേന്ദ്രസേന എത്തും; നീറ്റ് പുനഃപരീക്ഷയ്ക്ക് വൻ മുന്നൊരുക്കങ്ങൾ, പരീക്ഷാ സമയത്തിലും സംവിധാനങ്ങളിലും മാറ്റങ്ങൾ

ന്യൂഡൽഹി: നീറ്റ് യുജി പുനഃപരീക്ഷയുടെ സുരക്ഷ ശക്തമാക്കാൻ കേന്ദ്രസേനയെ വിന്യസിക്കാൻ തീരുമാനം. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പറുകൾ എത്തിക്കുന്നതിനും പരീക്ഷയ്ക്ക് ശേഷം ഒഎംആർ ഷീറ്റുകൾ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനുമായി സിആർപിഎഫിന്റെയും സിഐഎസ്എഫിന്റെയും സേവനം ഉപയോഗപ്പെടുത്തും. രാജ്യത്തെ 551 പരീക്ഷാ നഗരങ്ങളിൽ നിന്ന് വിവിധ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപ്പേപ്പറുകൾ വിതരണം ചെയ്യുന്നതിനാണ് കേന്ദ്രസേനയെ നിയോഗിക്കുന്നത്. ചോദ്യപ്പേപ്പറുകളുടെ ഗതാഗത ചുമതല ഇന്ത്യൻ വ്യോമസേനയ്ക്കാണ് നൽകിയിരിക്കുന്നത്. പരീക്ഷാ നടപടികളിൽ പരമാവധി സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണങ്ങൾ.

അതേസമയം, നീറ്റ് യുജി പുനഃപരീക്ഷയിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) രംഗത്തെത്തി. ഈ വർഷം മുതൽ പരീക്ഷാ സമയം 195 മിനിറ്റായി വർധിപ്പിച്ചു. കൂടാതെ, പരീക്ഷാർഥികൾക്ക് നൽകുന്ന റഫ് പേപ്പറുകളുടെ എണ്ണം നാലാക്കി ഉയർത്തുകയും ചെയ്തു. മുൻ വർഷങ്ങളിൽ ചോദ്യപേപ്പർ ബുക്ക്‌ലെറ്റിൽ റഫ് വർക്കിനായി രണ്ട് പേജുകൾ മാത്രമാണ് നൽകിയിരുന്നത്. പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയാണ് ജൂൺ 21-ന് പുനഃപരീക്ഷ നടത്തുക.

ഇതിനിടെ, നീറ്റ് ചോദ്യപേപ്പർ ചോർച്ച ഉൾപ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോക്രോച്ച് ജനത പാർട്ടി (സിജെപി) രംഗത്തെത്തി. പൂനെയിൽ പ്രതിഷേധ പരിപാടികൾക്ക് തുടക്കമിട്ട സംഘടന, ലഖ്നൗ, അമൃത്സർ, ബെംഗളൂരു, ജയ്പൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്കും സമരം വ്യാപിപ്പിക്കുമെന്ന് അറിയിച്ചു. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ചോർച്ച, സാങ്കേതിക തകരാറുകൾ, ഭരണപരമായ വീഴ്ചകൾ എന്നിവ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ചുവെന്നാണ് സംഘടനയുടെ ആരോപണം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കുന്നതുവരെ സമാധാനപരമായ പ്രക്ഷോഭം തുടരുമെന്നും സിജെപി പ്രസ്താവനയിൽ വ്യക്തമാക്കി.

More Stories from this section

family-dental
witywide