
വൈലി: ടെക്സസിലെ വൈലിയിൽ 11 വയസ്സുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. മുത്തച്ഛൻ ക്ലിഫോർഡ് ജോൺസൺ(68), അമ്മായി യൂനിസ് ജോൺസൺ- ലൈറ്റ്സി(47), കസിൻസായ സാഡി ഹോപ്പ്(28), സാഡെ ഹോപ്പ് (30) എന്നിങ്ങനെ നാല് ബന്ധുക്കളാണ് അറസ്റ്റിലായിരിക്കുന്നത്. 1600 ബ്ലോക്ക് ലോങ് മൊഡോ നോഡിലെ വീട്ടിലാണ് കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന വിവരം അറിഞ്ഞാണ് പൊലീസും അടിയന്തര രക്ഷാപ്രവർത്തന സംഘവും സ്ഥലത്ത് എത്തിയത്.
ആശുപത്രിലേക്ക് കുട്ടിയെ കൊണ്ടുപോയെങ്കിലും അവിടെ എത്തിയപ്പോൾ മരിച്ച കാര്യം സ്ഥിരീകരിച്ചുവെന്ന് പൊലീസ് പറഞ്ഞു. തുടർന്ന്, കോളിൻ കൗണ്ടിലെ ചിൽഡ്രൻസ് അഡ്വക്കസി സെന്ററിൽ നിന്നുമുള്ള അന്വേഷണ ഉദ്യോഗസ്ഥർ കുട്ടിയുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിൽ കുട്ടിയുടെ മരണത്തിന് ശേഷം എട്ട് മണിക്കൂർ കഴിഞ്ഞാണ് അടിയന്തര സേവന വിഭാഗത്തെ അറിയിച്ചിരിക്കുന്നത് എന്ന് കണ്ടെത്തി.
തല, മുഖം, കൈകൾ, കാലുകൾ,പുറം എന്നിവ ഉൾപ്പെടെ കുട്ടിയുടെ ശരീരത്തിൽ വ്യാപകമായ ചതവുകൾ ഉണ്ടായിരുന്നു. കുട്ടിയെ മുത്തച്ഛൻ പലതവണ മർദ്ദിച്ചുവെന്നും ഉറങ്ങാൻ രണ്ട് ടൈലനോൾ പിഎം ഗുളികളും രണ്ട് ബെനാഡ്രിൽ ഗുളികളും ഒരു കസിൻ നൽകിയെന്നും റിപ്പോർട്ടുകളുണ്ട്. കുട്ടി മരിച്ചുവെന്ന് പിറ്റേന്ന് രാവിലെ മനസ്സിലാക്കിയെങ്കിലും നിയമനടപടികൾ കാരണമാകുമെന്ന് ഭയന്നാണ് വിവരം അറിയിക്കാൻ താമസിച്ചതെന്ന് പ്രതികളിലൊരാൾ പൊലീസിനോട് പറഞ്ഞു. വീട്ടിൽ ഉണ്ടായിരുന്ന മറ്റു കുട്ടികളെ ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗത്തെ ഏൽപ്പിച്ചു.