ട്രംപിന്റെ വെടിനിര്‍ത്തല്‍ തള്ളി ഇറാന്‍; ‘ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയാകാം’

ന്യൂഡല്‍ഹി: ഇസ്രയേല്‍ – ഇറാന്‍ വെടിനിര്‍ത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് സമൂഹമാധ്യമത്തിലൂടെ സംഘര്‍ഷം അവസാനിക്കുന്നുവെന്ന് സൂചിപ്പിച്ച് വെടിനിര്‍ത്തല്‍ കരാറിനെക്കുറിച്ച് അറിയിച്ചത്. യുഎസിന്റെ മധ്യസ്ഥതയിലാണ് കാര്യങ്ങള്‍ ഇത്രയും എത്തിയതെന്ന് വൈറ്റ്ഹൗസിലെ ഉദ്യോഗസ്ഥരും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ഇറാന്റെ പ്രതികരണം എത്തിയിരിക്കുന്നത്.

ഇസ്രയേല്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന സൂചനകളാണ് ഇറാന്‍ അധികൃതര്‍ നല്‍കുന്നത്. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി എക്‌സില്‍ കുറിച്ചു. ഇതുവരെ വെടിനിര്‍ത്തലിനു കരാര്‍ ഇല്ലെന്നും ഇസ്രയേല്‍ ഭരണകൂടം ഇറാനിയന്‍ ജനതയ്ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിര്‍ത്തുകയാണെങ്കില്‍ അതിനുശേഷം ഇറാന്‍ സൈനിക പ്രതികരണം തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇറാന്‍ വ്യക്തമാക്കുന്നു.

സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും ഇസ്രയേലിന്റെ ആക്രമണത്തിന് എതിരെ സായുധ സേനയുടെ നടപടികള്‍ പുലര്‍ച്ചെ 4 മണി വരെ തുടര്‍ന്നതായും മന്ത്രി പറഞ്ഞു.