അമേരിക്കയിലെ മിനിയാപോളിസിൽ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്ക്

വാഷിംഗ്ടൺ: യുഎസിലെ മിനിയാപോളിസ് നഗരത്തിൽ ബുധനാഴ്ചയുണ്ടായ വെടിവെപ്പിൽ രണ്ട് പേർ കൊല്ലപ്പെടുകയും മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണം നടത്തിയ തോക്കുധാരിയും കൊല്ലപ്പെട്ടതായി പോലീസ് വക്താവ് ഗാരറ്റ് പാർട്ടൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എന്നാൽ ഇയാൾ എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

സംഭവസ്ഥലത്തു വെച്ചുതന്നെ ഒരാൾ മരണപ്പെട്ടിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നാല് പേരിൽ ഒരാൾ പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ മൂന്ന് പോലീസ് ഉദ്യോഗസ്ഥരിൽ രണ്ടുപേർക്ക് വെടിയേറ്റിട്ടുണ്ട്. നിലവിൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഉദ്യോഗസ്ഥരിൽ ഒരാളുടെ കാലിലാണ് വെടിയേറ്റത്, രണ്ടാമത്തെയാൾ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മൂന്നാമത്തെ ഉദ്യോഗസ്ഥന് സംഭവിച്ച പരിക്കിന്റെ സ്വഭാവം വ്യക്തമല്ല.

ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. മിനസോട്ടയിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഗവർണർ ടിം വാൾസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) ഡയറക്ടർ കാഷ് പട്ടേലിന്റെ നേതൃത്വത്തിലുള്ള ഏജന്റുമാർ അന്വേഷണത്തിനായി സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നഗരസഭാ അധികൃതർ വിശദമായ വാർത്താസമ്മേളനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More Stories from this section

family-dental
witywide