
ജറുസലേം: അഴിമതിക്കേസിൽ വിചാരണ നേരിടുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സാക്ഷ്യപത്രം നൽകുന്നത് മാറ്റിവെക്കാനുള്ള അദ്ദേഹത്തിന്‍റെ അപേക്ഷ ഇസ്രായേൽ കോടതി നിരസിച്ചു. ഇറാനുമായുള്ള 12 ദിവസത്തെ യുദ്ധത്തിന് ശേഷം ‘സുരക്ഷാ കാര്യങ്ങളിൽ’ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി അടുത്ത രണ്ടാഴ്ചത്തെ വിചാരണകളിൽ നിന്ന് അദ്ദേഹത്തിന് ഒഴിവ് നൽകണമെന്ന് നെതന്യാഹുവിന്‍റെ അഭിഭാഷകൻ വ്യാഴാഴ്ച കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
നിലവിലെ രൂപത്തിൽ വാദം കേൾക്കുന്നത് റദ്ദാക്കാൻ മതിയായ അടിസ്ഥാനമോ വിശദമായ ന്യായീകരണമോ ഇല്ലെന്ന് ഓൺലൈനിൽ പ്രസിദ്ധീകരിച്ച ജറുസലേം ജില്ലാ കോടതിയുടെ വിധിന്യായത്തിൽ പറയുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന നെതന്യാഹു, തനിക്കെതിരായ വിചാരണ രാഷ്ട്രീയ പ്രേരിതമാണെന്നാണ് വാദിക്കുന്നത്.
നെതന്യാഹുവിനും ഭാര്യ സാറയ്ക്കും എതിരെ മൂന്ന് കേസുകളാണുള്ളത്.
രാഷ്ട്രീയപരമായ സഹായങ്ങൾക്ക് പകരമായി ശതകോടീശ്വരന്മാരിൽ നിന്ന് 260,000 ഡോറളിലലധികം വിലമതിക്കുന്ന സിഗരറ്റുകൾ, ആഭരണങ്ങൾ, ഷാംപെയ്ൻ തുടങ്ങിയ ആഡംബര വസ്തുക്കൾ കൈക്കൂലിയായി സ്വീകരിച്ചുവെന്ന് ആരോപിക്കപ്പെടുന്നു. രണ്ട് പ്രമുഖ ഇസ്രായേൽ മാധ്യമങ്ങളിൽ നിന്ന് തനിക്ക് കൂടുതൽ അനുകൂലമായ വാർത്താ കവറേജ് ലഭിക്കുന്നതിനായി നെതന്യാഹു ശ്രമിച്ചുവെന്നും ആരോപണമുണ്ട്.
ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ 2020 മുതൽ നടക്കുന്ന അഴിമതി കേസിൽ “മാപ്പ്” നൽകുകയോ പൂർണമായി ഒഴിവാക്കുകയോ ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക ഇസ്രായേലിനെ “രക്ഷിച്ചു” എന്നും, ഇപ്പോൾ നെതന്യാഹുവിനെ “രക്ഷിക്കും” എന്നും ട്രംപ് അവകാശപ്പെട്ടു. കോഴ, തട്ടിപ്പ്, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങൾക്കാണ് നെതന്യാഹു വിചാരണ നേരിടുന്നത്. ഇസ്രയേലിലെ കോടതിയിൽ നടക്കുന്ന ഈ കേസ് അവസാനിപ്പിക്കണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്.














