
ന്യൂയോർക്ക്: അമേരിക്കയിലെ കടുത്ത വിസ അനിശ്ചിതത്വവും ഗ്രീൻ കാർഡ് ലഭിക്കാനുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പും കാരണം യു.എസിലുള്ള ഇന്ത്യൻ പ്രൊഫഷണലുകൾ കൂട്ടത്തോടെ യുകെയിലേക്ക് (യുണൈറ്റഡ് കിംഗ്ഡം) കുടിയേറാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് മുപ്പതുകളിലുള്ള ഇന്ത്യൻ എഞ്ചിനീയർമാർ, ഐടി വിദഗ്ദ്ധർ, ശാസ്ത്ര ഗവേഷകർ എന്നിവരാണ് യുകെയുടെ ‘ഗ്ലോബൽ ടാലന്റ് വിസ’ വഴി പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്.
ലണ്ടൻ ആസ്ഥാനമായുള്ള പ്രമുഖ ഇമിഗ്രേഷൻ ഏജൻസികളുടെ റിപ്പോർട്ടുകൾ പ്രകാരം സാൻ ഫ്രാൻസിസ്കോ, സീറ്റിൽ തുടങ്ങിയ യു.എസ് നഗരങ്ങളിൽ നിന്നുള്ള ഇന്ത്യൻ ഐടി ജീവനക്കാരുടെ അന്വേഷണങ്ങളിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം പേരുടെയും പങ്കാളികൾ എച്ച്-4 വിസയിലുള്ളവരും കുട്ടികൾ യു.എസ് പൗരത്വമുള്ളവരുമാണ്.
അമേരിക്കൻ വിസ ബുള്ളറ്റിൻ പ്രകാരം ഇന്ത്യക്കാർക്ക് ഇബി-2 കാറ്റഗറിയിൽ ഗ്രീൻ കാർഡ് ലഭിക്കാൻ നിലവിൽ ശരാശരി 14 വർഷത്തിലധികം കാത്തിരിക്കേണ്ടി വരും. എന്നാൽ യുകെയുടെ ഗ്ലോബൽ ടാലൻ്റ് വിസ വഴി വെറും മൂന്ന് വർഷം കൊണ്ട് അവിടെ സ്ഥിരതാമസത്തിനുള്ള അനുമതി സ്വന്തമാക്കാം. ഈ വലിയ സമയലാഭമാണ് പ്രൊഫഷണലുകളെ ആകർഷിക്കുന്നത്.
ലോട്ടറിയില്ല, പരിധികളില്ല
അമേരിക്കയിലെ എച്ച്-1ബി വിസ സ്പോൺസർഷിപ്പിനെ ആശ്രയിച്ചുള്ളതും ലോട്ടറി സമ്പ്രദായത്തിൽ അധിഷ്ഠിതവുമാണ്. കൂടാതെ വർഷത്തിൽ 85,000 എന്ന പരിധിയുമുണ്ട്. എന്നാൽ യുകെയുടെ ഗ്ലോബൽ ടാലൻ്റ് വിസയ്ക്ക് നിശ്ചിത പരിധികളില്ല. അപേക്ഷകൻ്റെ വ്യക്തിപരമായ തൊഴിൽ മികവും യോഗ്യതയും തെളിയിക്കുന്ന രേഖകൾ മാത്രം അടിസ്ഥാനമാക്കിയാണ് ഇത് അനുവദിക്കുന്നത്. രണ്ട് ഘട്ടങ്ങളായുള്ള ലളിതമായ പ്രക്രിയയിലൂടെ ഈ വിസ നേടിയെടുക്കാം.
അമേരിക്കൻ സ്വപ്നം ഉപേക്ഷിക്കുന്നില്ല
യു.എസ് വിസ ഫീസുകൾ വർദ്ധിപ്പിക്കാനുള്ള നീക്കങ്ങളും നിയമപരമായ അനിശ്ചിതത്വങ്ങളും പ്രൊഫഷണലുകൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. എങ്കിലും ഭൂരിഭാഗം പേരും അമേരിക്കൻ സ്വപ്നം പൂർണ്ണമായി ഉപേക്ഷിക്കാൻ തയ്യാറല്ല. പകരം യു.എസിലെ ഗ്രീൻ കാർഡ് നടപടികൾ തുടരുന്നതിനൊപ്പം, ഒരു മുൻകരുതൽ എന്ന നിലയ്ക്കാണ് അവർ യുകെ വിസയ്ക്ക് അപേക്ഷിക്കുന്നത്. അമേരിക്കയിലെ അനിശ്ചിതത്വം നീളുകയാണെങ്കിൽ യുകെയിലെ സ്ഥിരതാമസം ഇവർക്ക് സുരക്ഷിതമായ ഒരു ബദൽ മാർഗ്ഗമായി മാറും.
Decades of waiting for green card; UK becomes new base for Indian IT experts















