
വാഷിംഗ്ടണ്‍ : രാഷ്ട്രീയത്തിലേയും ബിസിനസിലെയും അതികായന്മാരായ രണ്ടു സുഹൃത്തുക്കളുടെ പിണക്കമാണ് ലോകം ഉറ്റുനോക്കിയ ട്രംപ് – മസ്‌ക് പിണക്കവും വാക് പോരും. ട്രംപിനെക്കുറിച്ച് മസ്‌കും മസ്‌കിനെതിരെ ട്രംപും വാക്കുകള്‍കൊണ്ട് യുദ്ധം പ്രഖ്യാപിച്ചതോടെ വിഷയത്തില്‍ ലോക ശ്രദ്ധ ഏറിയിരുന്നു. അടുത്തത് എന്ത് ആരോപണമാണ് ഉന്നയിക്കുന്നത് എന്ന് തോന്നിപ്പോയ ദിവസങ്ങളായിരുന്നു കഴിഞ്ഞത്. അടുത്തിടെ വരെ ചങ്കുകളായിരുന്നു ഇരുവരും ഇനി പരസ്പരം ഒത്തുപോകില്ലെന്നു വരെ പറഞ്ഞിരുന്നു.
എന്നാല്‍ ഇതിനെല്ലാം ഇടയിലാണ് ഇന്ന് മസ്‌ക് ഒരു ഖേദ പ്രകടനം നടത്തിയിരിക്കുന്നത്. ട്രംപിനെക്കുറിച്ചുള്ള കഴിഞ്ഞ ആഴ്ചയിലെ തന്റെ പോസ്റ്റുകള്‍ വേണ്ടായിരുന്നു എന്ന തോന്നലാണ് ടെസ്ല സിഇഒ മസ്‌കിന്. ‘കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകളില്‍ ഞാന്‍ ഖേദിക്കുന്നു. എന്നാണ് മസ്‌ക് എക്‌സില്‍ കുറിച്ചത്. ഇതോടെ മഞ്ഞ് ഉരുകിത്തുടങ്ങിയെന്നും പ്രശ്‌നങ്ങള്‍ പരിഹരിച്ചു തുടങ്ങിയെന്നുമടക്കം പലരും അഭിപ്രായപ്പെട്ടു.
I regret some of my posts about President @realDonaldTrump last week. They went too far.
— Elon Musk (@elonmusk) June 11, 2025
പ്രസിഡന്റ് ട്രംപിന്റെ പുതിയ ‘ബിഗ്, ബ്യൂട്ടിഫുള്‍ ബില്ലിനെ’ കുറിച്ചുള്ള അഭിപ്രായവ്യത്യാസങ്ങളാണ് ഇരുവരുടേയും ബന്ധത്തില്‍ വലിയ വിള്ളല്‍ വീഴ്ത്തിയത്. ഈ ബില്ലിന്റെ പേരില്‍ ട്രംപിനെതിരെ മസ്‌ക് പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റില്‍ (ഡോജ്) നിന്ന് ഇലോണ്‍ മസ്‌ക് പടിയിറങ്ങിയതിനുശേഷം ബില്ലിനെ ‘വെറുപ്പുളവാക്കുന്ന മ്ലേച്ഛത’ എന്നാണ് മസ്‌ക് വിളിച്ചത്.
ഇതിന് മറുപടിയായി, മസ്‌കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സബ്സിഡികള്‍, കരാറുകള്‍ എന്നിവ പിന്‍വലിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. തന്റെ പിന്തുണയില്ലാതെ ട്രംപ് പ്രസിഡന്റ് സ്ഥാനം നേടുമായിരുന്നില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മസ്‌കും തിരിച്ചടിച്ചു. ട്രംപിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന ആവശ്യവും പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന ആശയവും മസ്‌കിന്റെ പോസ്റ്റുകളില്‍ നിറഞ്ഞു. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ഇളവുകള്‍ നിര്‍ത്തലാക്കാനുള്ള ഭരണകൂടത്തിന്റെ തീരുമാനമാണ് മസ്‌കിന്റെ പൊട്ടിത്തെറിക്ക് കാരണമെന്ന് ട്രംപ് കുറ്റപ്പെടുത്തി. അങ്ങനെ ഇരുവരുടേയും തമ്മിലടി പുതിയ തലങ്ങളിലേക്ക് നീങ്ങുന്നതിനിടെയാണ് മസ്‌ക് ഖേദപ്രകടനവുമായി എത്തിയിരിക്കുന്നത്.