പ്രശസ്ത സംവിധായകനും നടനുമായ പി ഭാരതിരാജ അന്തരിച്ചു; വിട വാങ്ങിയത് തമിഴ് റിയലിസ്റ്റിക് സിനിമയ്ക്ക് തുടക്കം കുറിച്ചയാൾ

പ്രശസ്ത സംവിധായകനും നടനുമായ പി ഭാരതിരാജ (84) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. മകനായ നടനും സംവിധായകനുമായ മനോജിൻ്റെ മരണം അദ്ദേഹത്തെ ഏറെ തളർത്തുകയും കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിൻ്റെ ആരോഗ്യ സ്ഥിതി മോശവുമായിരുന്നു. ‘ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാരതീരാജ തരുണ്‍ മൂര്‍ത്തിയുടെ മലയാള ചിത്രമായ തുടരും എന്ന ചിത്രത്തിലാണ് അവസാനം വേഷമിട്ടത്.

തമിഴ് ചലച്ചിത്ര ലോകത്തെ സ്റ്റുഡിയോ സെറ്റുകളില്‍ നിന്നും പച്ചയായ ഗ്രാമങ്ങളിലേക്ക് പറിച്ചുനട്ട, തമിഴ് സിനിമയില്‍ കാതലായ മാറ്റങ്ങള്‍ക്ക് സ്വാധീനം ചെലുത്തുകയും തമിഴ് സിനിമയുടെ പ്രശസ്‌തി ലോകമെങ്ങും വ്യാപിപ്പിക്കുകയും ചെയ്ത ഏറ്റവും സ്വാധീനമുള്ള സംവിധായകനായിരുന്നു ഭാരതിരാജ. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥകളും റിയലിസ്റ്റിക് മേക്കിങ്ങും അദ്ദേഹത്തിന്‍റെ സിനിമയെ എന്നും വേറിട്ട് നിര്‍ത്തിയിരുന്നു. സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും സിനിമാലോകത്ത് നിറസാന്നിധ്യമായിരുന്നു.

കുട്ടിക്കാലം മുതലേ നാടകങ്ങളില്‍ താല്‍പ്പര്യമുണ്ടായിരുന്ന ഭാരതിരാജ 1960-കളില്‍ സിനിമാ മോഹവുമായി മദ്രാസിലേക്ക് വണ്ടി കയറി. പ്രശസ്ത സംവിധായകന്‍ പുട്ടണ്ണ കനഗലിന്റെ സഹായിയായി സിനിമാ പ്രവേശം. 1977-ല്‍ പുറത്തിറങ്ങിയ ‘പതിനാറു വയതിനിലേ’ എന്ന ആദ്യ ചിത്രം തന്നെ തമിഴ് സിനിമയിലെ വിപ്ലവമായിരുന്നു. കമല്‍ ഹാസന്‍, രജനീകാന്ത്, ശ്രീദേവി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രം റിയലിസ്റ്റിക് സിനിമകൾക്ക് തുടക്കം കുറിച്ചു. ശിവാജി ഗണേശൻ, രജനീകാന്ത്, കമൽ ഹാസൻ തുടങ്ങി തമിഴകത്തെ മുൻനിര നായകൻമാരെ പ്രധാന കഥാപാത്രങ്ങളാക്കി നിരവധി ക്ലാസിക് ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്.

ശിവാജി ഗണേശന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ മുതല്‍ മരിയാതൈ, സൈക്കോളജിക്കല്‍ ത്രില്ലറായ സിഗപ്പു റോജാക്കള്‍, പ്രണയത്തിന്റെ തീവ്രതയും ജാതിയുടെ വേലിക്കെട്ടുകളും മനോഹരമായി വരച്ചുകാട്ടിയ അലൈകള്‍ ഓയ് വതില്ലൈ, ജാതി വിവേചനത്തിനെതിരെയുള്ള ശക്തമായ പ്രഹരമായ വേദം പുതിത്, പെണ്‍ഭ്രൂണഹത്യ ചര്‍ച്ച ചെയ്ത കറുത്തമ്മ തുടങ്ങിയ നിരവധി ക്ലാസിക് ചിത്രങ്ങളാണ് ഭാരതീരാജ തമിഴ് സിനിമാ ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാതൈ’ എന്ന ചിത്രമാണ് അദ്ദേഹം അവസാനമായി സംവിധാനം ചെയ്തത്. ‘ആയുധ എഴുത്ത്’, ‘പാണ്ഡ്യനാട്’, ‘ഈശ്വരൻ’, ‘തിരുച്ചിത്രമ്പലം’, ‘മഹാരാജ’ തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തമിഴിനു പുറമേ, തെലുങ്കിലും ഹിന്ദിയിലും ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. കറുത്തമ്മയില്‍ മലേഷ്യ വാസുദേവനൊപ്പം എ ആര്‍ റഹ്മാന്റെ സംഗീതത്തില്‍ കാട് പൊറ്റ കാട് എന്ന ഗാനവും ഭാരതീരാജ ആലപിച്ചു. ആറ് ദേശീയ പുരസ്‌കാരങ്ങളും ഒട്ടനവധി സംസ്ഥാന അവാര്‍ഡുകളും ഭാരതീരാജയെ തേടിയെത്തി. 2004-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2013-ല്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറി ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

തമിഴ്‌നാട്ടിലെ തേനിക്കടുത്തുള്ള അല്ലിനഗരത്തില്‍ പെരിയമായ തേവരുടെയും കറുത്തമ്മാളിന്റെയും മകനായി 1941 ജൂലൈ 17-ന് ചിന്നസാമി എന്ന ഭാരതിരാജയുടെ ജനനം.

Legendary Tamil filmmaker and actor P Bharathiraja passed away at the age of 84 in Chennai. He was celebrated as a transformative pioneer who revolutionized Indian cinema by bringing it out of closed studios and into authentic, rugged rural landscapes.

More Stories from this section

family-dental
witywide