
കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്ക്കെതിരെ സമൂഹ മാധ്യമത്തില്‍ ജാതി അധിക്ഷേപം നടത്തിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടാൻ ശുപാർശ. വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സര്‍വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് കാസര്‍കോട് ജില്ലാകളക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. സമൂഹമാധ്യമങ്ങളില്‍ പവിത്രന്‍ നിരന്തരമായ അപകീര്‍ത്തി പരാമര്‍ശം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കളക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. പവിത്രനെ മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.
അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ രഞ്ജിത മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജാതി അധിക്ഷേപം നടത്തിയത്. കേസില്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തി വെള്ളരിക്കുണ്ട് പൊലീസ് പവിത്രനെ കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്കില്‍ പങ്കുവെച്ച കമന്റില്‍ തീര്‍ത്തും മോശമായ പരാമര്‍ശമായിരുന്നു ഇയാള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു. അധിക്ഷേപ പരാമര്‍ശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു. ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി രാജനും മനുഷ്യത്വരഹിത നടപടി എന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും പ്രതികരിച്ചു. ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുക എന്നും ഇത്തരത്തിലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി പറഞ്ഞിരുന്നു. രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലേയ്ക്ക് എത്തിക്കാനായി സഹോദരന്‍ രതീഷും അടുത്ത ബന്ധുവും അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ യാത്രാ രേഖകളും സാക്ഷ്യപത്രവും കൈമാറി. ഇവര്‍ രാത്രി 9.30ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേയ്ക്ക് തിരിക്കും. അവിടെ നിന്നും പുലര്‍ച്ചെ വിമാന മാര്‍ഗ്ഗം അഹമ്മദാബാദിലെത്തും. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള അനുമതി ലഭിച്ചതിനെ തുടര്‍ന്ന് അതിന്റെ നടപടിക്രമങ്ങള്‍ക്കായിട്ടായിരുന്നു ചുരുങ്ങിയ ദിവസത്തെ അവധിക്കായി രഞ്ജിത നാട്ടിലെത്തിയത്. ലണ്ടനില്‍ തിരികെയെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീണ്ടും നാട്ടിലെത്തി സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനായിരുന്നു രഞ്ജിതയുടെ തീരുമാനം.