അമേരിക്കൻ ഡിഡിസി വാക്സീൻ ഉപദേശകസമിതിയെ പിരിച്ച് വിട്ട് ആർഎഫ്കെ ജൂനിയർ

വാഷിങ്ടൺ: സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ്റെ (സിഡിസി) വാക്‌സിൻ ഉപദേശക സമിതിയെ ഒന്നടങ്കം പിരിച്ചുവിട്ട് ഹെൽത്ത് സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ. ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (എച്ച്എച്ച്എസ്) വകുപ്പ് തിങ്കളാഴ്‌ച വൈകുന്നേരമാണ് 17 അംഗ സമിതിയെ പൂർണ്ണമായും പിരിച്ചുവിട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

അമേരിക്കയുടെ പൊതുജനാരോഗ്യ നയരൂപീകരണത്തിൽ നിർണായക പങ്കുവഹിക്കുന്ന ഇവരുടെ അപ്രതീക്ഷിത പിരിച്ചുവിടൽ ശാസ്ത്ര സമൂഹത്തിലും പൊതുജനാരോഗ്യ വിദഗ്ദ‌ർക്കിടയിലും കടുത്ത ആശങ്കയ്ക്കാണ് വഴിവച്ചിരിക്കുന്നത്. വാക്സിനുകളുടെ സുരക്ഷയെയും ഫലപ്രാപ്തിയെയും കുറിച്ച് ദീർഘകാലമായി സംശയങ്ങൾ ഉന്നയിക്കുന്ന ആർഎഫ്കെ ജൂനിയറിന്റെ ഈ നടപടി രാജ്യത്തിന്റെ വാക്‌സീൻ നയങ്ങളിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനയായാണ് ഏവരും വിലയിരുത്തുന്നത്.

ആർഎഫ്‌കെ ജൂനിയർ തൻ്റെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ട് വാൾസ്ട്രീറ്റ് ജേണലിൽ എഴുതിയ ലേഖനത്തിൽ, നിലവിലെ സമിതി അംഗങ്ങൾക്ക് ഫാർമസ്യൂട്ടിക്കൽ കമ്പനികളുമായി സാമ്പത്തിക താൽപ്പര്യങ്ങളുണ്ടെന്നും ഇത് പൊതുജനങ്ങളുടെ വിശ്വാസം നഷ്‌ടപ്പെടുത്തിയെന്നും ആരോപിക്കുന്നുണ്ട്. പക്ഷപാതരഹിതമായ ശാസ്ത്രീയ സമീപനത്തിലൂടെ പൊതുജനവിശ്വാസം പുനഃസ്‌ഥാപിക്കുകയാണ് ലക്ഷ്യമെന്നും രണ്ടാഴ്ച്‌ചയ്ക്കുള്ളിൽ പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ, ഈ പിരിച്ചുവിടലിനെതിരെ ശക്‌തമായ എതിർപ്പാണ് വിവിധ ഇടങ്ങളിൽ നിന്നായി ഉയരുന്നത്. അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ (AMA), അമേരിക്കൻ പബ്ലിക് ഹെൽത്ത് അസോസിയേഷൻ (APHA) , പ്രമുഖ ആരോഗ്യ സംഘടനകൾ തുടങ്ങിയവരെല്ലാം ആർഎഫ്‌കെ ജൂനിയറിന്റെ നടപടിയെ അപലപിച്ചു മുന്നോട്ട് വന്നു. നാളുകളായി സുതാര്യമായും ശാസ്ത്രീയമായും പ്രവർത്തിച്ചുവരുന്ന ഒരു സമിതിയെയാണ് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പിരിച്ചുവിട്ടതെന്നും അവർ ആരോപിച്ചു.

എസിഐപി സമിതിയാണ് കുട്ടികൾക്കും മുതിർന്നവർക്കും നൽകേണ്ട വാക്സിനുകൾ ഏതൊക്കെ, എപ്പോൾ, എങ്ങനെ നൽകണം എന്നതുപോലുള്ള നിർണായകമായ ശുപാർശകൾ നൽകുന്നതും ഇവരുടെ ശുപാർശകളുടെ അടിസ്‌ഥാനത്തിലാണ് രാജ്യവ്യാപകമായി വാക്‌സിനേഷൻ പദ്ധതികൾ നടപ്പിലാക്കുന്നതും ചെയ്യുന്നത്. അഞ്ചാംപനി, പോളിയോ, ടെറ്റനസ് തുടങ്ങിയ രോഗങ്ങളെ നിയന്ത്രിച്ചു നിർത്തുന്നതിൽ ഈ സമിതിയുടെ പങ്ക് വളരെ വലുതാണ്.

പുതിയ വാക്‌സിനുകൾ അതിവേഗം വിലയിരുത്തി, അതിൻ്റെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തി ആർക്കൊക്കെയാണ് മുൻഗണന നൽകേണ്ടത് എന്നതുപോലുള്ള കാര്യങ്ങളിൽ അടിയന്തരമായി ശുപാർശകൾ നൽകേണ്ടത് ഈ സമിതിയാണ്. ഒരു പുതിയ മഹാമാരി പൊട്ടിപ്പുറപ്പെടുന്ന സാഹചര്യത്തിൽ എസിഐപി സമിതി വഹിച്ചിരുന്ന പങ്ക് അതീവ നിർണായകമായിരുന്നു.

More Stories from this section

family-dental
witywide