രാഹുലടക്കമുള്ള നേതാക്കള്‍ അടിമുടി വിമര്‍ശിക്കവെ മോദിയുടെ യുഎസ് സന്ദർശനത്തെ പുകഴ്ത്തി തരൂർ; തള്ളിപ്പറഞ്ഞ് നേതാക്കൾ, നടപടിയുണ്ടോ?

രാഹുല്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തെ അടിമുടി വിമര്‍ശിക്കുന്നതിനിടെ ശശി തരൂർ എം പിയുടെ പുകഴ്തത്തലിൽ ഞെട്ടി കോൺഗ്രസ്. മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയുള്ള ലേഖനത്തെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ തള്ളിക്കളഞ്ഞതോടെ ശശി തരൂർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. തരൂരിന്‍റെ പുകഴ്ത്തൽ പ്രതിപക്ഷ നേതാവടക്കം പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ഒരു വിഭാഗം കേരള നേതാക്കൾ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചിട്ടുമുണ്ട്. മോദിയുടെ യു എസ് സന്ദർശനത്തെ പുകഴ്ത്തിയ തരൂരിന്‍റെ ലേഖനം പരിശോധനിക്കുമെന്നും ലേഖനം താൻ വായിച്ചിട്ടില്ലെന്നുമാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്.

മോദിയുടെയും ട്രംപിന്‍റെയും പ്രസ്താവനകള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണെന്നും, വ്യാപാര മേഖലയില്‍ സെപ്തംബര്‍, ഒക്ടോബര്‍ മാസത്തോടെ മാറ്റങ്ങളുണ്ടാകുമെന്നുമാണ് തരൂര്‍ പറഞ്ഞത്. തരൂരിന്‍റെ പ്രസ്താവനക്ക് പിന്നാലെ മോദി നയങ്ങൾക്കുള്ള അംഗീകാരമെന്ന വലിയ പ്രചാരണം ബി ജെ പി സമൂഹമാധ്യമങ്ങളില്‍ സജീവമാക്കിയിട്ടുണ്ട്. വിദേശകാര്യ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ഗ്രാഹ്യവുമില്ലെന്നും തരൂരിനെ അല്ല താന്‍ ഉദ്ദേശിച്ചതെന്നുമുള്ള പാര്‍ലമെന്‍റിലെ പ്രധാനമന്ത്രി ഈയിടെ നടത്തിയ പരാമര്‍ശം വലിയ ചര്‍ച്ചയായിരുന്നു. നേരത്തെ കേന്ദ്ര ബജറ്റിനെ പ്രശംസിച്ചും തരൂര്‍ കോണ്‍ഗ്രസിന് തലവേദനയുണ്ടാക്കിയിരുന്നു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത് മുതലിങ്ങോട്ട് തരൂരിന്‍റെ നീക്കങ്ങളെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് കാണുന്നത്. പ്രവർത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതു പോലും സമ്മര്‍ദ്ദത്തിന്‍റെ ഫലമായിരുന്നു. അതുകൊണ്ടുതന്നെ മോദിയുടെ അമേരിക്കൻ സന്ദർശനത്തെ പുകഴ്ത്തിയതിൽ എന്ത് നടപടിയുണ്ടാകുമെന്ന് കണ്ടറിയണം.

More Stories from this section

family-dental
witywide