
ജെൻസികളെ (Gen Z) പൂർണ്ണമായി ആകർഷിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന ശശി തരൂരിന്റെ വിമർശനത്തിന് മറുപടിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞാൽ ബിജെപിക്കാണ് സുഖിക്കുകയെന്ന് പറഞ്ഞ വേണുഗോപാൽ, ഇത്തരം പ്രസ്താവനകൾ തരൂർ എന്നല്ല ആരും നടത്തരുതെന്നും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം അലഹബാദിലും കോട്ടയിലും നടന്ന പരിപാടികളിൽ വൻതോതിൽ വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നുവെന്നും ഇതൊന്നും കാണാൻ തരൂർ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം, മുംബൈയിലെ സംവാദത്തിനിടെ താൻ പറഞ്ഞ കാര്യങ്ങൾ മാധ്യമങ്ങൾ ദുരുദ്ദേശ്യത്തോടെ വളച്ചൊടിച്ചതാണെന്നും പാർട്ടിയെയോ നേതൃത്വത്തെയോ ആക്രമിച്ചിട്ടില്ലെന്നും തരൂർ വിശദീകരിച്ചു. സിജെപി സമരങ്ങൾക്ക് ലഭിച്ച പിന്തുണ നീറ്റ് വിഷയത്തിൽ കോൺഗ്രസ് സമരങ്ങൾക്ക് കിട്ടിയില്ലെന്നും വിഷയം ജനകീയ മുന്നേറ്റമാക്കാൻ കഴിഞ്ഞില്ലെന്നുമായിരുന്നു തരൂരിന്റെ ആദ്യ പ്രസ്താവന.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും സംസ്ഥാന സർക്കാരിനുമെതിരെയും കെ.സി. വേണുഗോപാൽ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. അമിത് ഷാ ഭീരുവിനെപ്പോലെ ഒളിച്ചോടുകയാണെന്നും അദ്ദേഹം സഭയിലെത്തുന്നത് വരെ സഭാനടപടികളുമായി സഹകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ഡല പുനർനിർണ്ണയ ബില്ലിന് മുന്നോടിയായി സർവ്വകക്ഷി യോഗം വിളിക്കണം. എഫ്‌സിആർഎ ബില്ല് നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്റേടമുണ്ടെങ്കിൽ വിദേശ ഫണ്ട് സ്വീകരിക്കുന്ന ആർഎസ്എസ് ബന്ധമുള്ള സംഘടനകളെയാണ് സർക്കാർ ആദ്യം നിയന്ത്രിക്കേണ്ടതെന്നും ആവശ്യപ്പെട്ടു. വന്ദേമാതര വിവാദത്തിൽ പരസ്യപ്രതികരണത്തിനില്ലെന്ന് വ്യക്തമാക്കിയ വേണുഗോപാൽ, വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പാകപ്പിഴകളുണ്ടെങ്കിൽ സർക്കാർ തിരുത്തുമെന്നും കൂട്ടിച്ചേർത്തു.
‘Criticising Rahul Gandhi Pleases BJP’: KC Venugopal Counters Shashi Tharoor; Slams Amit Shah as ‘Coward’












