
വാഷിംഗ്ടൺ: ഖത്തറിലെ ദോഹയിൽ മുതിർന്ന ഹമാസ് നേതാക്കൾക്കെതിരെ ഇസ്രായേൽ ആക്രമണം നടത്തുന്നതിന് മുൻപ് ട്രംപ് ഭരണകൂടത്തിന് വിവരം നൽകിയിരുന്നതായി രണ്ട് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഉൾപ്പെടെയുള്ള വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ഇസ്രായേലും ഹമാസും തമ്മിലുള്ള സമാധാന ചർച്ചകളിൽ നേരിട്ട് ഇടപെട്ടിരുന്നു. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ആക്രമണത്തിന് മുന്നോടിയായി യുഎസിനെ വിവരമറിയിച്ചിരുന്നതായി ഒരു ഇസ്രായേൽ ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
ദോഹയിൽ സ്ഫോടനം നടന്നതിന് തൊട്ടുപിന്നാലെ, “കൃത്യമായ ആക്രമണത്തിലൂടെ” ഹമാസിൻ്റെ “മുതിർന്ന നേതാക്കളെയാണ്” ലക്ഷ്യമിട്ടതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) അറിയിച്ചു. വർഷങ്ങളായി ഹമാസ് നേതാക്കൾ ഗാസയ്ക്ക് പുറത്തുള്ള തങ്ങളുടെ ആസ്ഥാനമായി ഖത്തർ തലസ്ഥാനം ഉപയോഗിച്ചുവരികയായിരുന്നു.
ഖത്തറിൽ ആക്രമണം നടത്തിയത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുമതിയോടെയാണെന്ന് റിപ്പോർട്ട്. ഖത്തറിലെ കത്താറയിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ പ്രതിരോധ സേനയും (IDF) ഇസ്രായേലി സുരക്ഷാ ഏജൻസിയും (ISA) സ്ഥിരീകരിച്ചു. ഹമാസിന്റെ ഉന്നത നേതാക്കളെ ലക്ഷ്യം വച്ചുള്ള ആക്രമണമാണ് നടത്തിയതെന്നാണ് വിവരം. ഒക്ടോബർ 7 ലെ ആക്രമണങ്ങൾ ഉൾപ്പെടെ ഇസ്രായേലിനെതിരെയുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ ലക്ഷ്യമിട്ട ഹമാസ് നേതാക്കൾക്ക് പങ്കുണ്ടെന്നാണ് ഇസ്രായേൽ ആരോപണം.















