
ന്യൂയോർക്ക്: ഇറാനിലെ യുദ്ധ പശ്ചാത്തലത്തിൽ ആഗോള എണ്ണ വ്യവസായ രംഗം കടുത്ത സമ്മർദ്ദത്തിലായതോടെ, ലോകരാജ്യങ്ങൾ മിഡിൽ ഈസ്റ്റിന് പുറതോട്ടുള്ള ഊർജ്ജ സ്രോതസ്സുകളെക്കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയതായി വിദഗ്ധർ. ഹരിത സാങ്കേതികവിദ്യയിലും പുനരുപയോഗ ഊർജ്ജ രംഗത്തും കൈവരിച്ച പുരോഗതി ഇനി പിന്നോട്ട് പോകില്ലെന്ന് കൊളംബിയ സർവ്വകലാശാലയിലെ ഗവേഷക കാരെൻ യങ്, പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ സിഎൻഎന്നിന്റെ ഫരീദ് സക്കറിയയ്ക്ക് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
ഊർജ്ജ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന രാജ്യങ്ങൾ ഇപ്പോൾ എണ്ണ വിതരണത്തിൽ മാത്രമല്ല, മറ്റ് ഊർജ്ജ സ്രോതസ്സുകളിലും വൈവിധ്യവൽക്കരണം ആഗ്രഹിക്കുന്നുണ്ട്. പലയിടങ്ങളിലും ഇത് പുനരുപയോഗ ഊർജ്ജത്തിലേക്കുള്ള മാറ്റത്തിന് വേഗത കൂട്ടും, പ്രത്യേകിച്ച് ഗതാഗത മേഖലയിലും ഇലക്ട്രിക് വാഹനങ്ങളിലും ഇത് പ്രകടമാകും. കൂടാതെ, വൈദ്യുതി ഉൽപ്പാദനത്തിനായുള്ള ഇന്ധന മിശ്രിതങ്ങളെക്കുറിച്ചുള്ള പുനർചിന്തനത്തിന് ഇത് കാരണമാകുമെന്നും, ഇത് മിഡിൽ ഈസ്റ്റിൽ നിന്നുള്ള പ്രകൃതിവാതകത്തിന്റെ ആവശ്യകതയെ ബാധിക്കുമെന്നും കാരെൻ യങ് ചൂണ്ടിക്കാട്ടി. എണ്ണയ്‌ക്കോ മറ്റ് ഇന്ധനങ്ങൾക്കോ വേണ്ടി ഏതെങ്കിലും ഒരു സ്രോതസ്സിനെ മാത്രം ആശ്രയിക്കുന്നത് ഒഴിവാക്കാൻ രാജ്യങ്ങൾ തങ്ങളുടെ സ്വന്തം വിഭവങ്ങളിലേക്കും എളുപ്പത്തിൽ ലഭ്യമാകുന്ന മറ്റ് മാർഗ്ഗങ്ങളിലേക്കും തിരിയുമെന്നും അവർ കൂട്ടിച്ചേർത്തു.
നിലവിൽ എണ്ണവില കുറയുകയും ഹോർമുസ് കടലിടുക്കിലൂടെയുള്ള ടാങ്കറുകളുടെ ഗതാഗതത്തിൽ പുരോഗതി ഉണ്ടാകുകയും ചെയ്തിട്ടുണ്ടെങ്കിലും, വിപണിയിൽ ഇപ്പോഴും അസ്ഥിരത നിലനിൽക്കുന്നുണ്ടെന്നും ഇനിയുള്ള കാര്യങ്ങൾ നിലവിലുള്ള വെടിനിർത്തൽ കരാറിനെ ആശ്രയിച്ചിരിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. വാണിജ്യ കപ്പലുകൾക്ക് 60 ദിവസത്തേക്ക് യാതൊരു ചാർജും കൂടാതെ ഹോർമുസ് കടലിടുക്കിലൂടെ സുരക്ഷിതമായി കടന്നുപോകാൻ അനുവാദം നൽകുന്നതാണ് പ്രാരംഭ യുഎസ്-ഇറാൻ കരാർ.
എന്നാൽ ഈ കരാറിന്റെ കാലാവധി കഴിയുമ്പോൾ ഇറാൻ വീണ്ടും കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കാൻ തുടങ്ങിയാൽ, അത് ആഗോള വ്യാപാര മേഖലയെ മറ്റ് തന്ത്രപ്രധാനമായ കപ്പൽച്ചാലുകളിലൂടെ സമ്മർദ്ദത്തിലാക്കാൻ മറ്റ് രാജ്യങ്ങൾക്ക് നൽകുന്ന തെറ്റായ സന്ദേശമായി മാറുമെന്ന് കാരെൻ യങ് മുന്നറിയിപ്പ് നൽകി. മുൻപ് കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ശരാശരി 20 ലക്ഷം ഡോളറാണ് ഇറാൻ ഈടാക്കിയിരുന്നത്. യുദ്ധം തുടങ്ങുന്നതിന് മുൻപ് പ്രതിദിനം രണ്ട് കോടി ബാരൽ എണ്ണ കടന്നുപോയിരുന്ന ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ ഒഴിവാക്കാൻ, ഇറാന്റെ അയൽരാജ്യങ്ങളായ ഗൾഫ് രാഷ്ട്രങ്ങൾ പുതിയ പൈപ്പ് ലൈനുകൾക്കായി വൻതോതിൽ നിക്ഷേപം നടത്തുമെന്നും അവർ നിരീക്ഷിച്ചു.














