
വാഷിംഗ്ടൺ: അമേരിക്കയുടെ നിയുക്ത യുഎൻ അംബാസഡറുടെ നാമനിർദേശം പിൻവലക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് കോൺഗ്രസ് അംഗമായ എലീസ് സ്റ്റെഫാനിക് രാജിവച്ച് യുഎൻ അംബാസ്സഡർ പദവി ഏറ്റെടുത്താൽ, ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ ഭൂരിപക്ഷം കുറയുമെന്ന ആശങ്കയാണ് ഈ പിന്മാറ്റത്തിന് കാരണം. പുതിയ അംബാസഡറെ ഈ ആഴ്ച്ച പ്രഖ്യാപിച്ചേക്കും. പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻസിന് ഭൂരിപക്ഷം നിലനിർത്തേണ്ടതുണ്ട്.
അതിനലാണ് എലീസ് അംബാസഡറാകാനുള്ള തന്റെ നിർദ്ദേശം പിൻവലിച്ചതെന്നാണ് യുഎസ് പ്രസിഡന്റ് ട്രംപ് അറിയിച്ചിട്ടുള്ളത്. നവംബറിൽ തിരഞ്ഞെടുക്കപ്പെട്ട് അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ യുഎൻ റോളിലേക്ക് എലീസ് സ്റ്റെഫാനിക്കിനെ ട്രംപ് തെരഞ്ഞെടുത്തു. ശക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ച സ്റ്റെഫാനിക്കിനെ രാജിവയ്പ്പിച്ച് വീണ്ടും മറ്റാരെയെങ്കിലും മത്സരിപ്പിക്കുന്ന വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറല്ലെന്നും ട്രംപ് വ്യക്തമാക്കി.
നികുതി ഇളവ് നയങ്ങളിലും 36.6 ട്രില്യൺ ഡോളറിനു മുകളിലുള്ള ദേശീയ കടം പരിഹരിക്കാനുമുള്ള ശ്രമത്തിനിടയിൽ പ്രതിനിധി സഭയിൽ ഭൂരിപക്ഷം അനിവാര്യമെന്ന് ട്രംപ് കണക്കുകൂട്ടുന്നു. നാല് ഒഴിവുകളുള്ള യുഎസ് പ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻമാർക്ക് 218-213 എന്ന നേരിയ ഭൂരിപക്ഷമാണുള്ളത്.














