
വാഷിങ്ടന്‍: പലിശനിരക്ക് കുറച്ചുനിര്‍ത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിരന്തരം ആവശ്യപ്പെട്ടിട്ടും പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുകയാണ് മുഖ്യലക്ഷ്യമെന്നും സമ്പദ്‌സൂചികകളുടെ ദിശ കണക്കിലെടുത്ത് മാത്രമേ പലിശ കുറയ്ക്കൂ എന്നും നിലപാടെടുത്ത യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാനോട് രാജിവെക്കാന്‍ ആവര്‍ത്തിച്ച് ട്രംപ്. ജെറോം പവലിനോടാണ് എത്രയും വേഗം രാജിവയ്ക്കണമെന്ന് ട്രംപ് ആവര്‍ത്തിച്ചത്.
എന്നാല്‍, ട്രംപ് ആവശ്യപ്പെട്ടാലും രാജിവയ്ക്കില്ലെന്നും അങ്ങനെ രാജി ആവശ്യപ്പെടാനോ തന്നെ പുറത്താക്കാനോ യുഎസ് പ്രസിഡന്റിന് അധികാരമില്ലെന്നും പവല്‍ വ്യക്തമാക്കിയിരുന്നു. തന്റെ വിശ്വസ്തരായ നാഷനല്‍ ഇക്കണോമിക് കൗണ്‍സില്‍ ഡയറക്ടര്‍ കെവിന്‍ ഹാസെറ്റ്, ഫെഡറല്‍ റിസര്‍വ് വൈസ് ചെയര്‍മാന്‍ മിഷേല്‍ ബോമാന്‍, ഫെഡിന്റെ മുന്‍ ഗവര്‍ണര്‍ കെവിന്‍ വാര്‍ഷ് എന്നിവരെ ഈ സ്ഥാനത്തേക്ക് എത്തിക്കാന്‍ ട്രംപ് ശ്രമിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ട്.
മുമ്പ് പ്രസിഡന്റായിരിക്കെ 2017 നവംബറിലാണ് ട്രംപ് ജെറോം പവലിനെ ഫെഡറല്‍ റിസര്‍വിന്റെ ചെയര്‍മാനായി നിയമിച്ചത്. എന്നാല്‍ അക്കാലം മുതല്‍ ഇരുവരും അത്ര ചേര്‍ച്ചയിലല്ല.











