ബഹ്‌റൈനിൽ സ്ഫോടനവും അപായസൈറണുകളും; യുഎസ് സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയെന്ന് ഇറാൻ

മനാമ: ബഹ്‌റൈനിൽ സ്ഫോടനങ്ങളും അപായസൈറണുകളും മുഴങ്ങി. ബഹ്‌റൈന്റെ അൽ റിഫാ ഹെലികോപ്റ്റർ താവളത്തിലെ യുഎസ് റഡാർ സംവിധാനത്തിന് നേരെ ആറ് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്നാണ് ഇറാന്റെ വാദം. രാജ്യത്തെ യുഎസ് സൈനിക താവളത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് അവകാശപ്പെട്ടു. എന്നാൽ, ആക്രമണങ്ങൾ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് വ്യോമപ്രതിരോധ സംവിധാനം തടഞ്ഞതായി ബഹ്‌റൈൻ പ്രതിരോധ സേന അറിയിച്ചു. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാനും അധികൃതർ നിർദേശിച്ചു

പുലർച്ചെ നാലോടെയും രാവിലെ 6.30ഓടെയും സ്ഫോടനശബ്ദങ്ങൾ കേട്ടതായി പ്രദേശവാസികളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു. ജനങ്ങൾ ശാന്തരായിരിക്കണമെന്നും അടുത്തുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും ഔദ്യോഗിക അറിയിപ്പുകൾ പിന്തുടരണമെന്നും ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.

അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചിരിക്കുകയാണെന്നും അമേരിക്കയുടെ ഭാഗത്തുനിന്നുള്ള ഏത് ആക്രമണത്തിനും ശക്തമായ തിരിച്ചടി നൽകുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. എട്ടുമാസമായി തുടരുന്ന യുദ്ധത്തിനിടെ ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, ഊർജ കേന്ദ്രങ്ങൾ, യുഎസ് സൈനിക കേന്ദ്രങ്ങൾ എന്നിവയ്ക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിട്ടുണ്ട്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങളോടെയാണ് യുദ്ധം ആരംഭിച്ചത്.

വെള്ളിയാഴ്ചയും ബഹ്‌റൈനിലെ യുഎസ് മുന്നറിയിപ്പ് റഡാർ സംവിധാനത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടിരുന്നു. രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവച്ചിട്ടതായി യുഎസ് സൈന്യവും അറിയിച്ചു. ആക്രമണത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

Blasts, sirens in Bahrain as Iran announces attack on US base

More Stories from this section

family-dental
witywide