എന്തിന് മസ്കിനോട് പറയണം! ചൈനയ്ക്കെതിരായ രഹസ്യ നീക്കങ്ങൾ മസ്കിന് ലഭിക്കുന്നതറിഞ്ഞ് പൊട്ടിത്തെറിച്ച് ട്രംപ്, പിന്നാലെ കർശന നിർദേശം

വാഷിം​ഗ്ടൺ: ചൈനയ്ക്കെതിരെയുള്ള പദ്ധതികളെ കുറിച്ച് യുഎസ് കാര്യക്ഷമതാ വിഭാഗമായ ഡോജ് തലവന് ഇലോൺ മസ്കിന് രഹസ്യ വിവരം ലഭിക്കുന്നതിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിർപ്പ്. ഇലോൺ മസ്‌കിന് പെൻറഗണിൽ നിന്ന് രഹസ്യ വിവരം ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞ് യുഎസ് പ്രസിഡൻറ് രോഷാകുലനായെന്നാണ് റിപ്പോർട്ട്. ചൈനയിൽ കോടിക്കണക്കിന് ഡോളറിൻറെ ബിസിനസ് മസ്കിന് ഉള്ളതിനാൽ ചൈനക്കെതിരായ രഹസ്യ പദ്ധതികളെ കുറിച്ച് മസ്കിനെ അറിയിക്കരുതെന്നും ട്രംപ് കർശന നിർദേശം നൽകി കഴിഞ്ഞു.

ചൈനയുമായി യുദ്ധമുണ്ടായാൽ നേരിടാനുള്ള യുഎസ് സൈന്യത്തിൻറെ പദ്ധതികളെക്കുറിച്ച് മസ്കിനോട് പെൻറഗൺ വിശദീകരിക്കുമെന്ന് ന്യൂയോർക്ക് ടൈംസ് മാർച്ച് 20ന് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ചൈനയുമായി ബന്ധപ്പെട്ട സൈനിക പദ്ധതികളെക്കുറിച്ചുള്ള ചർച്ചയ്ക്കല്ല മസ്ക് വരുന്നതെന്ന് ട്രംപും പെൻറഗണും പിന്നാലെ വിശദീകരിച്ചു. മാധ്യമങ്ങൾ അത്തരം നുണകൾ കെട്ടിച്ചമയ്ക്കുന്നത് അപമാനകരമാണെന്ന് അന്ന് ട്രംപ് രൂക്ഷ വിമർശനം നടത്തി.

ചൈനയെക്കുറിച്ച് മസ്കിനോട് ഒരു കാര്യവും സംസാരിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയ ശേഷമാണ് ട്രംപ് ആ സന്ദേശം പോസ്റ്റ് ചെയ്തതെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. മസ്കിൻറെ ടെസ്‌ലയ്ക്ക് ചൈനയിലാണ് ഏറ്റവും വലിയ ഫാക്ടറിയുള്ളത്. കഴിഞ്ഞ വർഷം ടെസ്‌ല പകുതിയോളം കാറുകൾ ഈ ഫാക്ടറിയിലാണ് നിർമിച്ചത്.

Also Read

More Stories from this section

family-dental
witywide