
വാഷിംഗ്ടണ്‍: ചിലവു ചുരുക്കലിന്റെയും മറ്റും കാരണം മറയാക്കി ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട വൈറ്റ്ഹൗസ് നടപടിക്കെതിരായ കീഴ്‌ക്കോടതി വിധി തടയാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുപ്രീം കോടതിയെ സമീപിച്ചു. പിരിച്ചുവിട്ട ആയിരക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ വീണ്ടും നിയമിക്കണമെന്ന് ആവശ്യപ്പെട്ട കോടതി വിധിക്കെതിരെയാണ് ട്രംപിന്റെ പോരാട്ടം.
കുടിയേറ്റം, സര്‍ക്കാര്‍ ചെലവുകള്‍ വര്‍ധിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഒപ്പുവച്ച ഉത്തരവുകളില്‍ പലതും കീഴ്‌ക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ട്രംപിന് തിരിച്ചടിയാകുകയും ചെയ്തിട്ടുണ്ട്. ട്രംപ് ഭരണകൂടം പിരിച്ചുവിട്ട 16,000-ത്തിലധികം പ്രൊബേഷണറി ജീവനക്കാരെ വീണ്ടും നിയമിക്കാന്‍ കാലിഫോര്‍ണിയയിലെ ഒരു ജഡ്ജി വൈറ്റ് ഹൗസിനോട് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ വിധി കോടതിയില്‍ നിന്നുള്ള അസാധാരണമായ ഉത്തരവാണെന്നും അധികാര വിഭജനത്തെ ലംഘിക്കുന്നുവെന്നും ഒരു ഫയലിംഗില്‍, ട്രംപിന്റെ ആക്ടിംഗ് സോളിസിറ്റര്‍ ജനറല്‍ സാറാ ഹാരിസ് വ്യക്തമാക്കി. ട്രംപ് അധികാരമേറ്റ അന്നുമുതല്‍, രണ്ട് മാസത്തിനുള്ളില്‍, ജില്ലാ കോടതികള്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിനെതിരെ 40-ലധികം ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഹാരിസ് പരാതിപ്പെട്ടു. മാത്രമല്ല, പ്രസിഡന്റ് ജോ ബൈഡന്റെ കാലാവധിയുടെ ആദ്യ മൂന്ന് വര്‍ഷങ്ങളില്‍ ഗവണ്‍മെന്റിനെതിരെ കോടതികള്‍ 14 ഉത്തരവുകള്‍ മാത്രമാണ് പുറപ്പെടുവിച്ചതെന്നും അവര്‍ പറഞ്ഞു.














