പ്രോജക്ട് 2025, കൂട്ട പിരിച്ചുവിടലുകളിലേക്ക് നീങ്ങാൻ ട്രംപ്; നിർണായക കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപനം, ഫെഡറൽ ഏജൻസികളെ ലക്ഷ്യമിടുന്നു

വാഷിംഗ്ടണ്‍: യുഎസ് ഗവൺമെന്‍റ് ഷട്ട്ഡൗൺ രണ്ടാം ദിവസത്തേക്ക് കടന്നതോടെ, വെട്ടിച്ചുരുക്കലുകൾ സംബന്ധിച്ച തന്‍റെ പദ്ധതികൾ പരസ്യമാക്കി പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഓഫീസ് ഓഫ് മാനേജ്മെൻ്റ് ആൻഡ് ബഡ്ജറ്റ് (OMB) ഡയറക്ടർ റസ്സൽ വോട്ട്മായി താൻ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ കുറിച്ചു. ഇതിലൂടെ, ഫെഡറൽ ഏജൻസികളെ ലക്ഷ്യമിട്ടുള്ള തന്‍റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനുള്ള ഈ അവസരം ട്രംപ് തുറന്നു കാണിക്കുകയാണ്.

‘പ്രോജക്ട് 2025ന്‍റെ നേതൃത്വമുള്ള റസ് വോട്ട്മായി ഞാൻ ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിരവധി ഡെമോക്രാറ്റ് ഏജൻസികളിൽ (അവയിൽ മിക്കതും ഒരു രാഷ്ട്രീയ തട്ടിപ്പാണ്) ഏതൊക്കെയാണ് വെട്ടിച്ചുരുക്കേണ്ടതെന്നും, ആ വെട്ടിച്ചുരുക്കലുകൾ താൽക്കാലികമാണോ സ്ഥിരമാണോ എന്നും അദ്ദേഹം ശുപാർശ ചെയ്യുന്നത് അറിയാനാണ് ഈ കൂടിക്കാഴ്ച’ – ട്രംപ് വ്യക്തമാക്കി. നിലവിൽ പല ഫെഡറൽ ഏജൻസികളേയും (പ്രത്യേകിച്ചും ഡെമോക്രാറ്റിക് സർക്കാരിൻ്റെ മുൻഗണനകളുമായി ബന്ധപ്പെട്ടവ) വെട്ടിക്കുറയ്ക്കുന്നതിനോ, സ്വകാര്യവൽക്കരിക്കുന്നതിനോ, അല്ലെങ്കിൽ ഇല്ലാതാക്കുന്നതിനോ ഉള്ള നിർദ്ദേശങ്ങൾ ട്രംപിന്‍റെ നയങ്ങളിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, സാമൂഹ്യക്ഷേമം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഏജൻസികളെ കാര്യമായി വെട്ടിച്ചുരുക്കാൻ പദ്ധതിയുണ്ട്.

ബജറ്റ് തർക്കം തുടരുകയാണെങ്കിൽ കൂട്ട പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് മുന്നറിയിപ്പ് നൽകി. പ്രസിഡൻ്റിൻ്റെ മുൻഗണനകളുമായി പൊരുത്തപ്പെടാത്ത ഏജൻസികളെ ലക്ഷ്യമിട്ട് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വൻതോതിലുള്ള പിരിച്ചുവിടലുകൾ ഉണ്ടാകുമെന്ന് വോട്ട് ഹൗസ് റിപ്പബ്ലിക്കൻമാരെ സ്വകാര്യമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്.

More Stories from this section

family-dental
witywide