യുഎസിലെ ഹമാസ് അനുകൂലികളായ വിദ്യാര്‍ഥികള്‍ക്ക് പണികൊടുത്ത് ട്രംപ്, സ്റ്റുഡന്റ് വീസ റദ്ദാക്കും; എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷന്‍ നടപടി

വാഷിങ്ടന്‍ : അധികാരത്തിലേറിയതു മുതല്‍ ഉത്തരവുകള്‍ നടപ്പിലാക്കാനും കര്‍ശന തീരുമാനങ്ങളെടുക്കാനും ഡോണള്‍ഡ് ട്രംപ് ഭരണകൂടം അക്ഷീണം പ്രവര്‍ത്തിക്കുകയാണ്. ഇപ്പോഴിതാ യുഎസിലെ ഹമാസ് അനുകൂലികളായ വിദ്യാര്‍ഥികളുടെ സ്റ്റുഡന്റ് വീസ റദ്ദാക്കുമെന്നാണ് ട്രംപ് ഭരണകൂടം അറിയിച്ചിരിക്കുന്നത്.

ഇതിനായി ജൂതവിരുദ്ധതയെ ചെറുക്കുന്നതിനുള്ള ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ബുധനാഴ്ച ഒപ്പുവച്ചു, പൗരന്മാരല്ലാത്ത കോളേജ് വിദ്യാര്‍ത്ഥികളെയും പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്ത മറ്റുള്ളവരെയും നാടുകടത്തുമെന്നാണ് ട്രംപ് തറപ്പിച്ചു പറയുന്നത്. ജൂതവിരോധ കുറ്റങ്ങള്‍ തടയുന്നതിനായി എല്ലാ ജൂതവിരുദ്ധ കുറ്റങ്ങളിലും പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.

2023 ഒക്ടോബര്‍ 7 ന് പലസ്തീന്‍ ഇസ്ലാമിക ഗ്രൂപ്പായ ഹമാസ് ഇസ്രായേലിനെതിരെ നടത്തിയ ആക്രമണത്തിനുശേഷം, ‘നമ്മുടെ കാമ്പസുകളിലും തെരുവുകളിലും ജൂതവിരുദ്ധതയുടെ സ്‌ഫോടനം’ ഉണ്ടായെന്നും അതിനെ ചെറുക്കുന്നതിന് നീതിന്യായ വകുപ്പ് ‘ഉടനടി നടപടി’ സ്വീകരിക്കുമെന്നും എല്ലാ ഫെഡറല്‍ സൗകര്യങ്ങളും സജ്ജമാക്കുമെന്നും ഉത്തരവില്‍ പറയുന്നു.