
വാഷിംഗ്ടൺ: ഹാർവാഡ്, സ്റ്റാൻഫഡ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം നേടുന്ന ഇന്ത്യക്കാരെ യുഎസ് കമ്പനികളിൽ ജോലിക്കെടുക്കാൻ നിർദിഷ്ട ഗോൾഡ് കാർഡ് വിസ ഉപകരിക്കുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. 50 ലക്ഷം ഡോളറിന് (43.5 കോടി രൂപ) ഗോൾഡ് കാർഡ് ഇറക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. യു എസ് പൗരത്വത്തിലേക്കുള്ള പാതയാണ് ഈ വിസയെന്നാണ് അദ്ദേഹം പറഞ്ഞത്. കമ്പനികൾക്ക് ഗോൾഡ് കാർഡ് വാങ്ങി, ജോലിക്ക് ആളെയെടുക്കുന്നതിന് ഇതുപയോഗപ്പെടുത്താമെന്ന് ട്രംപ് പറഞ്ഞു. ഇപ്പോഴത്തെ കുടിയേറ്റ സമ്പ്രദായം അന്താരാഷ്ട്രപ്രതിഭകൾക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽനിന്നുള്ളവർക്ക് യുഎസിൽ തുടരുന്നതിനും ജോലിചെയ്യുന്നതിനും തടസമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇക്കാരണത്താൽ പഠിച്ചിറങ്ങുന്ന ഒട്ടേറെ പ്രതിഭകൾക്ക് യുഎസ് വിടേണ്ടി വരുന്നുണ്ട്. ഇന്ത്യയിലേക്ക് പോകുന്ന അവർ അവിടെച്ചെന്ന് ബിസിനസ് തുടങ്ങി കോടീശ്വരരാകുന്നു. ആയിരങ്ങൾക്കു ജോലികൊടുക്കുന്നുവെന്നും ട്രംപ് പറഞ്ഞു. വിദേശനിക്ഷേപം ആകർഷിക്കാൻ 1992-ൽ യുഎസ് കോൺഗ്രസ് നടപ്പാക്കിയ ഇ.ബി.-5 വിസയ്ക്കു പകരമാണ് ഗോൾഡ് കാർഡ് കൊണ്ടുവരുന്നത്.
യു.എസിൽ സ്ഥിരതാമസത്തിനുള്ള അനുമതിപത്രമായ ഗ്രീൻ കാർഡാണ് ഇ.ബി.-5 വിസക്കാർക്കു നൽകുന്നത്. യു.എസിൽ 10,50,000 ഡോളറോ (9.16 കോടി രൂപ) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകളിൽ തൊഴിൽസൃഷ്ടിക്കാൻ എട്ടുലക്ഷം ഡോളറോ (6.98 കോടി രൂപ) ചെലവാക്കുന്നവർക്കാണ് ഇ.ബി.-5 വിസ നൽകുക.













