ടുട്ടൻഖാമന്റെ ശവകുടീരം ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം പൂർണമായി പ്രദർശിപ്പിക്കുന്നു

കെയ്റോ: ലോകത്തിലെ ഏറ്റവും വലിയ പുരാവസ്തു മ്യൂസിയം എന്നറിയപ്പെടുന്ന ഗ്രാൻഡ് ഈജിപ്ഷ്യൻ മ്യൂസിയം ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം പൂർണമായി പ്രദർശിപ്പിക്കുന്നു. ഇതുവരെയുള്ള ഏറ്റവും പ്രശസ്തമായ പുരാവസ്തു കണ്ടെത്തലുകളിൽ ഒന്നാണ് ഈജിപ്ഷ്യൻ രാജാവായ ടുട്ടൻഖാമന്റെ ശവകുടീരം കണക്കാക്കപ്പെടുന്നത്. പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ ഖുഫുവിന്റെ പിരമിഡിന് സമീപത്തായാണ് ടുട്ടൻഖാമന്റെ ശവകുടീരം പ്രദർശിപ്പിക്കുന്നത്.

രാജവംശത്തിനു മുമ്പുള്ള കാലം മുതൽ ഗ്രീക്ക്, റോമൻ കാലഘട്ടങ്ങൾ വരെയുള്ള രാജ്യത്തിന്റെ ഏഴ് സഹസ്രാബ്ദങ്ങളുടെ ചരിത്രത്തെ ഉൾക്കൊള്ളുന്ന ഏകദേശം 100,000 പുരാവസ്തുക്കൾ ആണ് ഈ മ്യൂസിയത്തിലുള്ളത്. 1922 -ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകനായ ഹോവാർഡ് കാർട്ടർ കണ്ടെത്തിയ ശേഷം ആദ്യമായാണ് 3300 വർഷം പഴക്കമുള്ള ടുട്ടൻഖാമൻ രാജാവിന്റെ ശ്മശാന അറ പ്രദർശിപ്പിക്കുന്നത്.

ടുട്ടൻഖാമുന്റെ സ്വർണ്ണ മുഖംമൂടി, സിംഹാസനം, രഥങ്ങൾ തുടങ്ങി ശവകുടീരത്തിൽ നിന്നായി കണ്ടെത്തിയ 5500 വസ്തുക്കളാണ് പ്രദർശിപ്പിക്കുന്നത്.1922 -ൽ ഈജിപ്തിലെ താഴ്‌വരയിൽ നിന്ന് കുഴിച്ചെടുത്ത ഈ ശവകുടീരം നിരവധി ഗവേഷകരെ ആകർഷിച്ചിട്ടുള്ള ഒന്നാണ്. ടുട്ടൻഖാമന്റെ ശവകുടീരത്തിന് പുറമേ പുരാതന കാലത്തെ ഏറ്റവും പഴക്കമേറിയതും ഏറ്റവും നന്നായി സംരക്ഷിക്കപ്പെട്ടതുമായ കപ്പലുകളിലൊന്നായ ഖുഫുവിന്റെ 4,500 വർഷം പഴക്കമുള്ള മനോഹരമായ ശവസംസ്കാര ബോട്ടും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്.

ടുട്ടൻഖാമൻ കല്ലറയിൽ നിന്നുള്ള ഒന്നും തന്നെ ഇനി രഹസ്യമായി സൂക്ഷിക്കുന്നില്ലെന്നും ഹോവാർഡ് കാർട്ടർ കണ്ടെത്തിയത് പോലെ തന്നെയുള്ള അനുഭവമായിരിക്കും പുരാവസ്തു പ്രേമികൾക്കായി ഒരുക്കിയിരിക്കുന്നതെന്നും മ്യൂസിയം മേധാവി ഡോ. തരേക് തൗഫിക് പ്രതികരിച്ചു. ഓരോ വർഷവും മ്യൂസിയത്തിലേക്ക് എട്ട് ദശലക്ഷം സന്ദർശകരെയാണ് മ്യൂസിയം അധികൃതർ പ്രതീക്ഷിക്കുന്നത്.

Tutankhamun’s tomb on full display at the Grand Egyptian Museum

More Stories from this section

family-dental
witywide