ഇസ്രയേലിനോട് ‘യെസ്’ പറഞ്ഞെന്ന് ട്രംപിന്റെ വെളിപ്പെടുത്തൽ, ഇനിയെന്തും സംഭവിക്കാമെന്ന അവസ്ഥയിൽ കാര്യങ്ങൾ; ‘ഇറാനെതിരെ സൈനിക നടപടികൾ തുടരാം’

വാഷിംഗ്ടണ്‍: ഇറാനെതിരെ സൈനിക നടപടികൾ തുടരാമെന്ന് ഇസ്രയേലിനോട് പറഞ്ഞതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിയിൽ ചിലർ അമേരിക്കയുടെ സൈനിക ഇടപെടലിന് എതിരെന്നുള്ള കാര്യവും ട്രംപ് തുറന്ന് പറഞ്ഞു.

ഇസ്രയേലുമായുള്ള സംഘർഷത്തിൽ എത്രയും വേഗം കീഴടങ്ങണമെന്ന തന്‍റെ നിർദ്ദേശം തള്ളിയ ഇറാന് മറുപടിയുമായി അമേരിക്കൻ പ്രസിഡന്‍റ് നൽകിയിരുന്നു. ‘ഇറാനെ അമേരിക്ക ആക്രമിക്കാം, ആക്രമിക്കാതിരിക്കാം’ എന്നാണ് ട്രംപ് പറഞ്ഞത്. ഞാന്‍ എന്താണ് ചെയ്യുകയെന്ന് ആര്‍ക്കും അറിയില്ലെന്നും ട്രംപ് വിശദീകരിച്ചു. ഇറാനികള്‍ ഒരിക്കലും കീഴടങ്ങില്ലെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമേനിയുടെ പ്രസ്താവനക്കും ട്രംപ് മറുപടി നൽകി. ‘ഞാന്‍ ആശംസകള്‍ നേരുന്നു’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ഇറാനോടുള്ള ക്ഷമ ഇതിനകംതന്നെ തീര്‍ന്നെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള കാര്യങ്ങള്‍ പറയുന്നതെന്നും ട്രംപ് വ്യക്തമാക്കി.

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക പങ്കുചേരുമോ എന്നതില്‍ യുഎസ് പ്രസിഡന്‍റ് വ്യക്തത വരുത്തിയില്ല. ഇറനെ ചിലപ്പോൾ അമേരിക്ക ആക്രമിക്കാം, ചിലപ്പോൾ ആക്രമിക്കാതിരിക്കാം എന്നായിരുന്നു ട്രംപിന്റെ മറുപടി. അടുത്ത ആഴ്ച നിർണായകമാണെന്നും വ്യോമ പ്രതിരോധം പൂർണമായും നശിച്ച ഇറാൻ നിസ്സഹായരാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇറാന്‍ ചര്‍ച്ചയ്ക്കായി സമീപിച്ചതായി അവകാശപ്പെട്ട ട്രംപ് പക്ഷേ, അതിനുള്ള സമയം വൈകിയെന്നും പറഞ്ഞു. വൈറ്റ്ഹൗസിന് പുറത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങൾ പറഞ്ഞത്