പുടിന്‍ യുക്രെയ്‌നില്‍ സ്വീകരിക്കുന്ന നടപടിയില്‍ വളരെ നിരാശ, റഷ്യയും ചൈനയും തമ്മില്‍ അടുത്താല്‍ ആശങ്കയില്ല- ട്രംപ്

വാഷിംഗ്ടണ്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ യുക്രെയ്‌നെതിരായി സ്വീകരിക്കുന്ന നടപടിയില്‍ താന്‍ വളരെ നിരാശനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. യുക്രെയ്നിലെ റഷ്യയുടെ യുദ്ധത്തില്‍ മരണങ്ങള്‍ കുറയ്ക്കുന്നതിന് ചില നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ഭരണകൂടം പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, എന്ത് പദ്ധതിയാണെന്ന വിശദീകരണം അദ്ദേഹം നല്‍കിയിട്ടില്ല.

‘പ്രസിഡന്റ് പുടിനില്‍ ഞാന്‍ വളരെ നിരാശനാണ്, എനിക്ക് അത് പറയാന്‍ കഴിയും, ആളുകളെ ജീവിക്കാന്‍ സഹായിക്കുന്നതിന് ഞങ്ങള്‍ എന്തെങ്കിലും ചെയ്യും,’ ദി സ്‌കോട്ട് ജെന്നിംഗ്‌സ് റേഡിയോ ഷോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.

അതേസമയം, റഷ്യയും ചൈനയും തമ്മില്‍ അടുത്തുകൊണ്ടിരിക്കുന്നതില്‍ തനിക്ക് ആശങ്കയില്ലെന്നും ട്രംപ് പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് മധ്യത്തില്‍ അലാസ്‌കയില്‍ വെച്ച് ട്രംപ് പുടിനുമായി ഒരു ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് വൈറ്റ് ഹൗസില്‍ വെച്ച് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുമായും പ്രധാന യൂറോപ്യന്‍, നാറ്റോ സഖ്യ നേതാക്കളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചകള്‍ക്ക് ശേഷം, ട്രംപും പുടിനും സെലെന്‍സ്‌കിയും ഉള്‍പ്പെടുന്ന ഒരു ത്രികക്ഷി യോഗം വൈകാതെയുണ്ടാകുമെന്ന് ട്രംപ് തന്നെ പറഞ്ഞിരുന്നു. എന്നാല്‍ അത് ഇതുവരെ നടന്നിട്ടില്ല. താനും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച തടയാന്‍ റഷ്യ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് സെലെന്‍സ്‌കി പറഞ്ഞിരുന്നു. അതേസമയം അത്തരമൊരു കൂടിക്കാഴ്ചയ്ക്കുള്ള അജണ്ട തയ്യാറായിട്ടില്ലെന്നാണ് റഷ്യ പറയുന്നത്.

ഏതൊരു കരാറിലും ഉക്രെയ്നിന്റെ സുരക്ഷ ഉറപ്പാക്കാന്‍ വാഷിംഗ്ടണ്‍ സഹായിക്കുമെന്ന് ട്രംപ് സെലെന്‍സ്‌കിയോട് പറഞ്ഞു. യുക്രെയ്നില്‍ സമാധാനപരമായ ഒരു ഒത്തുതീര്‍പ്പിലേക്ക് കാര്യങ്ങല്‍ നീങ്ങിയില്ലെങ്കില്‍ റഷ്യയ്ക്കെതിരെ കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയിട്ടുണ്ട്.

Also Read

More Stories from this section

family-dental
witywide