
ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ആശയം ഡോണൾഡ് ട്രംപ് എന്ന പുതിയ അമേരിക്കൻ പ്രസിഡൻ്റിന് ഒട്ടുമേ ഇല്ല. അമേരിക്കക്ക് ഒരു ഗ്ലോബൽ പവർ ഉണ്ടെങ്കിൽ അതു മുഴുവൻ അമേരിക്കൻ ജനതയുടെ ലാഭത്തിനും നേട്ടത്തിനും വേണ്ടിയാണ് ഉപയോഗിക്കേണ്ടത് എന്നു വിശ്വസിക്കുന്ന വ്യക്തിയാണ് ട്രംപ്. ലാഭമില്ലാത്ത ഒരു പ്രസ്ഥാനത്തിനും താൻ ഇല്ല എന്ന് ട്രംപ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. കെന്നഡി – ഐസനോവർ കാലഘട്ടത്തിലേതുപോലെ ലോകത്തിനാകെ ഉപകാരമാകുന്ന എന്തെങ്കിലും നടപടി ട്രംപിൻ്റെ പക്ഷത്തുനിന്ന് പ്രതീക്ഷിക്കുകയേ വേണ്ട.
മുൻവിധികളോ ബാധ്യതകളോ ഇല്ലാത്ത ബന്ധമാണ് ട്രംപിന് ഇന്ത്യുമായുള്ളത്. അത് ഇന്ത്യക്ക് ഗുണമോ ദോഷമോ എന്നത് കണ്ടറിയണം. ആർക്കും പ്രവചിക്കാനാവില്ല ട്രംപിൻ്റെ തീരുമാനങ്ങൾ. കഴിഞ്ഞ ട്രംപ് ഭരണകാലത്ത് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അടുത്ത കൂട്ടുകാരായിരുന്നു. എന്നാൽ ട്രംപ് സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് മോദിയെ ക്ഷണിച്ചിട്ടില്ല.
മറ്റു നിരവധി ലോക നേതാക്കളെ അദ്ദേഹം ഈ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മാത്രമല്ല ഇന്ത്യയെ താരിഫ് കിങ് എന്ന് ട്രംപ് വിശേഷിപ്പിക്കുകയും ചെയ്തു. ഇന്ത്യയുടെ താരിഫ് നിരക്കുകൾ ഇന്ത്യ – യുഎസ് വ്യാപാര ബന്ധത്തിലെ വലിയ കല്ലുകടിയാകും എന്നത് ഇപ്പോൾ നിസംശയം പറയാം. ഇന്ത്യ അതി ഭീമമായ താരിഫ് ചുമത്തുന്ന രാജ്യമാണ് എന്ന ധാരണ ട്രംപിൻ്റെ മനസ്സിൽ കുടിയേറിയിരിക്കെ ഇന്ത്യ – യുഎസ് സാമ്പത്തിക ബന്ധം അത്ര സുഗമമായിരിക്കില്ല, അല്ലെങ്കിൽ ഇന്ത്യ താരിഫ് നിരക്കുകൾ കുറയ്ക്കേണ്ടി വരും.
യുഎസുമായി രണ്ടു നൂറ്റാണ്ടു മുമ്പ് തുടങ്ങിവച്ച ആണവക്കാരാർ പൂർത്തിയാക്കാൻ ട്രംപിൻ്റെ കാലത്ത് ചിലപ്പോൾ കഴിഞ്ഞേക്കും. ബൈഡൻ്റെ സുരക്ഷാ ഉപദേഷ്ടാവ് കഴിഞ്ഞ ദിവസം ഇന്ത്യയിൽ എത്തി ഇന്ത്യുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു .
ഖലിസ്ഥാൻ വാദി നേതാവും യുഎസ്- കാനേഡിയൻ പൌരനുമായ ഗുർപട്വന്ത് സിങ് പന്നുവിനു നേരെ നടന്ന വധ ഗൂഢാലോചനയ്ക്കു പിന്നിൽ ഇന്ത്യൻ രഹസ്യാന്വേഷണ ഏജസികളാണ് എന്ന അമേരിക്കയുടെ വാദം ഇന്ത്യ – യുഎസ് ബന്ധത്തിൽ അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. ഇക്കാര്യത്തിൽ ബൈഡനെക്കാൾ ഇന്ത്യ അനുകൂല നിലപാട് ട്രംപിൻ്റെ പക്ഷത്തുനിന്ന് ഉണ്ടാവമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
പക്ഷേ ട്രംപ് ടീമിലെ സിവിൽ റൈറ്റ്സ് അസിസ്റ്റൻ്റ് അറ്റോർണി ജനറൽ ഹർമീത് ദില്ലൻ ഇന്ത്യയുടെ ഖലിസ്ഥാൻ നിലപാടുകളോട് വിയോജിപ്പുള്ള വ്യക്തിയാണ്. കർഷക സമരം നടന്ന 2020 കാലത്ത് മോദിക്കെതിരെ ആഞ്ഞടിച്ച വ്യക്തികൂടിയാണ് ദില്ലൻ .ആ നിലക്ക് പന്നൂൻ കേസ് എങ്ങനെ വരുമെന്നതു സംബന്ധിച്ച് ഇന്ത്യ ആശങ്കപ്പെടേണ്ടതുണ്ട്.
അമേരിക്കയെ വീണ്ടും വീണ്ടും സമൃദ്ധിയിലേക്കു നയിക്കാനുള്ള പദ്ധതിയുമായി ഇറങ്ങിയിരിക്കുന്ന ട്രംപിൻ്റെ കളികൾ ലോകം കാണാനിരിക്കുന്നതേയുള്ളു.
What awaits India in the new Trump era?