പാസ്‌പോര്‍ട്ടില്‍ ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റല്ല, പകരം വേണ്ടത് ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന

ന്യൂഡല്‍ഹി : പാസ്‌പോര്‍ട്ടില്‍ ഭാര്യയുടേയോ ഭര്‍ത്താവിന്റെയോ പേര് ചേര്‍ക്കുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന് വേണമെന്ന നിബന്ധനയ്ക്ക് മാറ്റം. ഇനി മുതല്‍ ഇരുവരുടെയും ഒരുമിച്ചുള്ള ഫോട്ടോ പതിച്ച സംയുക്ത പ്രസ്താവന മതി. ഇത് സംബന്ധിച്ച മാതൃക വിദേശകാര്യമന്ത്രാലയം പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുനര്‍വിവാഹത്തെ തുടര്‍ന്ന് ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പേരു മാറ്റാനും സംയുക്ത പ്രസ്താവന മതി.

പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് ആവശ്യമായ ഇടങ്ങളിലെല്ലാം അനുബന്ധം ആയി പാസ്‌പോര്‍ട്ട് സേവാ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച സംയുക്ത പ്രസതാവന മതിയാകും. പാസ്‌പോര്‍ട്ടിനായുള്ള അപേക്ഷകളുടെ നടപടികള്‍ കൂടുതല്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അതേസമയം പാസ്‌പോര്‍ട്ടില്‍ നിന്ന് ദമ്പതികളില്‍ ഒരാളുടെ പേര് നീക്കം ചെയ്യണമെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റോ, കോടതി ഉത്തരവോ ഹാജരാക്കണം.