ഭാരത് സമ്മിറ്റിൽ ഇറ്റാലിയൻ നേതാവിന്റെ കേന്ദ്ര സർക്കാർ വിരുദ്ധ മുദ്രാവാക്യത്തിൽ രാഷ്ട്രീയ വിവാദം, രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്ന് അമിത് ഷാ, ആത്മപരിശോധന നടത്തൂ എന്ന് കോൺഗ്രസിന്‍റെ തിരിച്ചടി

ഹൈദരാബാദ്: തെലങ്കാന സർക്കാർ സംഘടിപ്പിച്ച ഭാരത് സമ്മിറ്റിൽ ഇറ്റാലിയൻ രാഷ്ട്രീയ നേതാവും യൂറോപ്യൻ സോഷ്യലിസ്റ്റ് സെക്രട്ടറി ജനറലുമായ ഗ്യാക്കോമോ ഫിലിബെക്ക് കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചത് വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. പ്രതിപക്ഷം സർക്കാരിനെതിരെ ഉപയോഗിക്കുന്ന ‘വോട്ട് ചോരി’ മുദ്രാവാക്യമാണ് ഫിലിബെക്ക് വേദിയിൽ മുഴക്കിയത്. പ്രധാനമന്ത്രിയെയും ഗ്യാനേഷ് കുമാറിനെയും ഉന്നമിട്ടുകൊണ്ടുള്ള ഈ മുദ്രാവാക്യത്തിന് ‘വോട്ട് കള്ളൻ, കസേര ഒഴിയണം’ എന്നാണ് അർത്ഥമെന്നും അദ്ദേഹം വിശദീകരിച്ചു. ഇന്ത്യയിൽ ജനാധിപത്യം വലിയ അപകടത്തിലാണെന്ന് വിമർശിച്ച ഫിലിബെക്കിനെ വേദിയിലുണ്ടായിരുന്ന രാഹുൽ ഗാന്ധി കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.

ഇറ്റാലിയൻ നേതാവിന് വേദിയൊരുക്കിയതിലൂടെ രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചെന്നും, ഇന്ത്യ വിരുദ്ധ നീക്കത്തിനാണ് അദ്ദേഹം കൈയടിച്ചതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തി. എത്ര ശ്രമിച്ചാലും അടുത്ത മുപ്പത് വർഷത്തേക്ക് കോൺഗ്രസ് അധികാരത്തിൽ വരാൻ പോകുന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു. രാഹുൽ ഗാന്ധിയുടെ വിദേശ യാത്രകൾ രാജ്യവിരുദ്ധ ശക്തികളുമായി ബന്ധമുണ്ടാക്കാനാണെന്ന ബിജെപിയുടെ നിരന്തര ആരോപണങ്ങൾക്ക് ബലം നൽകുന്നതാണ് പുതിയ സംഭവമെന്നും പാർട്ടി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഒരു വിദേശ നേതാവ് ഇത്തരമൊരു പരാമർശം നടത്തിയെങ്കിൽ സർക്കാർ ആത്മപരിശോധന നടത്തേണ്ട സമയം അതിക്രമിച്ചുവെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. ഭാരത് സമ്മിറ്റ് ഒരു ആഗോള പരിപാടിയായിരുന്നെന്നും അതിൽ ഇറ്റാലിയൻ നേതാവ് പങ്കെടുത്തതിൽ യാതൊരു തെറ്റില്ലെന്നുമാണ് കോൺഗ്രസിന്റെ ന്യായീകരണം. ഫിലിബെക്കിന്റെ സർക്കാർ വിരുദ്ധ മുദ്രാവാക്യം നയതന്ത്ര തലത്തിൽ അസ്വാരസ്യങ്ങൾക്ക് വഴിവെക്കുന്നതിനൊപ്പം അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്ക് കാരണമായേക്കും.

Row Over Italian Leader’s Anti-Government Slogan at Bharat Summit; Amit Shah Accuses Rahul Gandhi of Insulting Nation, Congress Calls for Introspection

More Stories from this section

family-dental
witywide