
ന്യൂഡൽഹി: രാജ്യത്ത് പാസ്‌പോർട്ട് നിയമങ്ങളിൽ സുപ്രധാന പരിഷ്കാരങ്ങളുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കുട്ടികളുടെ പാസ്‌പോർട്ട് കാലാവധി വർദ്ധിപ്പിച്ചതും അപേക്ഷാ ഫീസുകൾ പുതുക്കി നിശ്ചയിച്ചതുമുൾപ്പെടെയുള്ള മാറ്റങ്ങളടങ്ങിയ ‘പാസ്‌പോർട്ട് (ഭേദഗതി) ചട്ടങ്ങൾ 2026’ മന്ത്രാലയം പുറത്തിറക്കി. 1980-ലെ പാസ്‌പോർട്ട് ചട്ടങ്ങളിലാണ് പുതിയ ഭേദഗതി വരുത്തിയിരിക്കുന്നത്.
പുതിയ നിയമപ്രകാരം 15 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് നൽകുന്ന 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന്റെ കാലാവധി, അത് അനുവദിച്ച തീയതി മുതൽ 5 വർഷം അല്ലെങ്കിൽ കുട്ടിക്ക് 18 വയസ്സ് തികയുന്നത് വരെ (ഏതാണോ ആദ്യം വരുന്നത് അതുവരെ) ആയിരിക്കും. മുൻപ് ഇത് 15 വയസ്സ് വരെ മാത്രമായിരുന്നു. അതേസമയം, 15-നും 18-നും ഇടയിൽ പ്രായമുള്ളവർക്ക് മുതിർന്നവരെപ്പോലെ 10 വർഷത്തെ പൂർണ്ണ കാലാവധിയുള്ള പാസ്‌പോർട്ടിനായി അപേക്ഷിക്കാനും പുതിയ ഭേദഗതിയിൽ അവസരമുണ്ട്.
പുതുക്കിയ ഫീസ് നിരക്കുകളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മുതിർന്നവർക്ക് (18 വയസ്സിന് മുകളിലുള്ളവർ) 36 പേജുള്ള സാധാരണ പാസ്‌പോർട്ടിന് 2,500 രൂപയും 60 പേജുള്ളതിന് 3,500 രൂപയുമാണ് പുതിയ ഫീസ്. തത്കാൽ സംവിധാനത്തിലൂടെ 36 പേജിന് 5,000 രൂപയും 60 പേജിന് 6,000 രൂപയും ഈടാക്കും. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സാധാരണ പാസ്‌പോർട്ട് ഫീസ് 1,750 രൂപയായും തത്കാൽ ഫീസ് 3,000 രൂപയായും നിശ്ചയിച്ചു.
അതേസമയം, 8 വയസ്സിന് താഴെയുള്ള കുട്ടികൾക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും പുതിയ പാസ്‌പോർട്ട് അപേക്ഷകളിൽ 10 ശതമാനം ഫീസ് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾക്ക് ഈ ഇളവ് ബാധകമായിരിക്കില്ല. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി), സറണ്ടർ സർട്ടിഫിക്കറ്റ് എന്നിവയുടെ ഫീസ് 750 രൂപയായും പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. ഔദ്യോഗിക ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചതോടെ പുതിയ ചട്ടങ്ങൾ രാജ്യത്ത് പൂർണ്ണമായി പ്രാബല്യത്തിൽ വന്നു.
Major overhaul of passport rules: Children’s passport validity extended and fees revised












