കോട്ടയത്തെ യുവതി, തന്ത്രപരമായി അമേരിക്കയിലെ സോഫ്റ്റ്‍വെയർ എൻജിനിയറുമായി ബന്ധം സ്ഥാപിച്ചു, നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണി, പണവും സ്വർണവും തട്ടി, ഒടുവിൽ കീഴടങ്ങി

കോട്ടയം: അമേരിക്കയില്‍ സോഫ്റ്റ്‍വെയർ എന്‍ജിനീയറായ യുവാവിൽ നിന്നും പണം തട്ടിയ കേസിൽ പ്രതിയായ യുവതി പൊലീസില്‍ കീഴടങ്ങി. അയല്‍വാസിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച് തന്ത്രപരമായി നഗ്നചിത്രങ്ങൾ എടുത്തശേഷമായിരുന്നു യുവതി പണം കൈക്കലാക്കിയത്. ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ ധന്യ അര്‍ജുന്‍ (37) എന്ന യുവതിയാണ് പൊലീസിൽ കീഴടങ്ങിയത്. കേസിൽ കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് കോട്ടയം അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ വീട്ടില്‍ ധന്യ പൊലീസിൽ കീഴടങ്ങിയത്.

നഗ്നചിത്രങ്ങൾ കാട്ടി യുവാവിനെ ഭീഷണിപ്പെടുത്തി 60 ലക്ഷവും 61 പവനുമാണ് ധന്യ തട്ടിയെടുത്തത്. 2022 മാര്‍ച്ചിനും 2024 ഡിസംബറിനും ഇടയിലാണ് കേസിനാസ്പദമായ സംഭവങ്ങൾ അരങ്ങേറിയത്. ഭാര്യയുടെ പഠനസൗകര്യത്തിനായി അമ്മഞ്ചേരിയില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്ന യുവാവാണ് തട്ടിപ്പിന് ഇരയായത്. അയൽവാസിയായെത്തിയ യുവാവിനോട് അടുപ്പം സ്ഥാപിച്ച ധന്യ പിന്നീട് നഗ്നചിത്രങ്ങളും കൈക്കലാക്കുകയായിരുന്നു. ഈ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും മറ്റും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം കൈക്കലാക്കിയത്. പലതവണകളായി 60 ലക്ഷം രൂപ യുവതിയും ഭര്‍ത്താവ് അര്‍ജുനും ചേര്‍ന്ന് തട്ടിയെടുത്തു. പ്രതികളുടെ സുഹൃത്തായ മണര്‍കാട് സ്വദേശി അലന്‍ തോമസും യുവാവിനെ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. പണത്തിന് പുറമെ യുവാവിന്റെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന കുടുംബാംഗങ്ങളുടെ 61 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു.

വീണ്ടും വീണ്ടും ഭീഷണി തുടർന്നതോടെയാണ് യുവാവ് പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് കേസെടുത്തതോടെ ധന്യ മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ പ്രതി പൊലീസിൽ കീഴടങ്ങുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെയും പ്രധാന പ്രതിയാണ് ധന്യ.