നരേന്ദ്ര മോദി ‘വിഷ്ണുവിന്റെ അവതാരം’, പ്രശംസയുമായി ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ, ‘വികസിത് ഭാരത് 2047’നും അഭിനന്ദനം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വിഷ്ണുവിന്റെ അവതാരം’ എന്ന് വിശേഷിപ്പിച്ച് ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗേ. ‘ആൻ അവതാർ ഫോർ ഔർ ടൈംസ്’ എന്ന പേരിൽ ഓൺലൈനിൽ പങ്കുവെച്ച ലേഖനത്തിലാണ് അദ്ദേഹം ഈ വിശേഷണം നൽകിയത്. 2019 ജൂലൈയിലെ സ്വകാര്യ കൂടിക്കാഴ്ചയിലാണ് താൻ ആദ്യമായി ഈ പരാമർശം നടത്തിയതെന്നും, തുടർന്നുള്ള വർഷങ്ങളിൽ മോദിയുടെ ഭരണപരിഷ്കാരങ്ങളും പരിവർത്തന നയങ്ങളും നിരീക്ഷിച്ചതോടെ ആ നിഗമനം ശരിയാണെന്ന് ബോധ്യപ്പെട്ടതായും ടോബ്‌ഗേ വ്യക്തമാക്കി. 13 വർഷത്തോളം ഗുജറാത്തിനെ നയിച്ചശേഷം ഇന്ത്യയിലുടനീളം ദേശീയ അടിസ്ഥാന സൗകര്യ വികസനത്തിലും ഭരണത്തിലും വലിയ മാറ്റങ്ങളാണ് മോദി വരുത്തിയത്. സാമൂഹിക-സാമ്പത്തിക ഘടനാപരമായ മാറ്റങ്ങൾ നടപ്പിലാക്കാൻ വലിയ സമർപ്പണം ആവശ്യമാണെന്ന് വ്യക്തമാക്കിയ ടോബ്‌ഗേ, മോദിയുടെ ഭരണരീതിയെ ഹിമാലയൻ പാരമ്പര്യങ്ങളുമായും ബുദ്ധമത പൈതൃകങ്ങളുമായും ബന്ധപ്പെടുത്തുകയും ചെയ്തു.

2014 ജൂണിൽ അധികാരം ഏറ്റെടുത്തശേഷം മോദി നടത്തിയ ആദ്യ വിദേശ സന്ദർശനം ഭൂട്ടാനിലേക്കായിരുന്നു. അവിടെവെച്ച് “B4B: ഭാരത് ഫോർ ഭൂട്ടാൻ, ഭൂട്ടാൻ ഫോർ ഭാരത്” എന്ന മുദ്രാവാക്യം അദ്ദേഹം മുന്നോട്ടുവെച്ചു. ഭൂട്ടാന്റെ 11, 12 പഞ്ചവത്സര പദ്ധതികൾക്ക് ഇന്ത്യ സാമ്പത്തിക സഹായവും അടിസ്ഥാന സൗകര്യ, ഊർജ്ജ ശൃംഖല വികസനത്തിന് പിന്തുണയും നൽകിയിട്ടുണ്ട്. ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നംഗ്യേൽ വാങ്ചുക്ക് സമ്മാനിച്ച, രാജ്യത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദി ഡ്രൂക്ക് ഗ്യാൽപോ’ ലഭിക്കുന്ന ആദ്യ വിദേശ നേതാവു കൂടിയാണ് നരേന്ദ്ര മോദി.

ഇന്ത്യയുടെ ‘വികസിത് ഭാരത് 2047’ ദർശനം പ്രാദേശിക സ്ഥിരത ഉറപ്പാക്കുമെന്നും “വികസിത് ഭാരത് എന്നാൽ വികസിത് ഭൂട്ടാൻ” ആണെന്നും ഷെറിങ് ടോബ്‌ഗേ അഭിപ്രായപ്പെട്ടു. കേവലം മുൻനിര നയരൂപീകരണങ്ങളിൽനിന്ന് മാറി ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കുന്ന ‘സബ്കാ പ്രയാസ്’ ആണ് മോദിയുടെ ഏറ്റവും വലിയ നേട്ടമെന്നും ഭൂട്ടാൻ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide