കീവ്: യുക്രെയ്‌നിൽ റഷ്യ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടതായി പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. കൊല്ലപ്പെട്ടവരിൽ ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് റഷ്യ വിവിധ യുക്രെയ്ൻ നഗരങ്ങളിൽ ആക്രമണം തുടരുകയാണ്. ആക്രമണത്തിൽ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ഒഡേസ നഗരത്തിലും സമീപപ്രദേശങ്ങളിലും ഗൈഡഡ് ഏരിയൽ ബോംബുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണം തുടരുന്നതായി സെലൻസ്കി സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചു.
ആക്രമണത്തെ തുടർന്ന് ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൈദ്യുതി നഷ്ടപ്പെട്ടു. ആക്രമണത്തിൽ ആകെ 12 പേർ കൊല്ലപ്പെട്ടു. അതിൽ ഒരു ഇന്ത്യൻ പൗരനും ഉൾപ്പെടുന്നു. കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരെയും നഷ്ടപ്പെട്ട എല്ലാവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് സെലൻസ്കി പറഞ്ഞു. കീവ്, ഒഡേസ, ഖെർസൺ, ഡൊണെറ്റ്സ്ക്, സപ്പോറീഷ്യ, ഖാർകിവ്, ചെർണിഹിവ്, ഷൈറ്റോമിർ, സുമി, ഡ്നിപ്രോ മേഖലകളിലും ആക്രമണമുണ്ടായതായും നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കീവിൽ റെയിൽവേ ഡിപ്പോയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. ബോറിസ്‌പിൽ നഗരത്തിൽ അഞ്ച് നിലകളുള്ള താമസകെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ഇവിടെ നിന്ന് 50 പേരെ ഒഴിപ്പിച്ചു. നഗരത്തിൽ നാല് പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേറ്റു. കീവും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് 350ഓളം രക്ഷാപ്രവർത്തകർ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി അദ്ദേഹം വ്യക്തമാക്കി.
.വലിയ തോതിൽ ജെറ്റ് എൻജിൻ ഉപയോഗിച്ചുള്ള ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിന് ഉപയോഗിച്ചതായും സെലൻസ്കി പറഞ്ഞു. താമസകെട്ടിടങ്ങൾക്കും സിവിലിയൻ അടിസ്ഥാനസൗകര്യങ്ങൾക്കും നാശനഷ്ടമുണ്ടായി. റൊമാനിയയുമായുള്ള അതിർത്തി കടന്നുപോകൽ കേന്ദ്രത്തിനും കയറ്റുമതി അടിസ്ഥാനസൗകര്യങ്ങൾക്കും റഷ്യ മനഃപൂർവം കേടുപാടുകൾ വരുത്തിയതായും അദ്ദേഹം ആരോപിച്ചു.
സിവിലിയന്മാരെയാണ് റഷ്യ മനഃപൂർവം ലക്ഷ്യമിടുന്നതെന്ന് ആരോപിച്ച സെലൻസ്കി, യുക്രെയ്‌നുള്ള വ്യോമപ്രതിരോധ സഹായം വർധിപ്പിക്കണമെന്ന് രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവിതത്തിന് പരമാവധി നാശനഷ്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. വ്യോമപ്രതിരോധ ശേഷി അപര്യാപ്തമായിരിക്കുമ്പോഴാണ് ഇത്തരം ആക്രമണങ്ങൾ വിജയിക്കുന്നതെന്നും സെലൻസ്കി പറഞ്ഞു. കൂടാതെ, പ്രയോറിറ്റി യുക്രെയ്ൻ റിക്വയർമെന്റ്സ് ലിസ്റ്റ് (PURL) വഴിയും ഉഭയകക്ഷി സഹായങ്ങളിലൂടെയും യുക്രെയ്‌നെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് സെലൻസ്കി നന്ദി അറിയിച്ചു.
12 people, including an Indian, killed in Russian attack; Zelensky confirms













