
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) ചട്ടങ്ങൾ പൊളിച്ചെഴുതാൻ സർക്കാർ ഒരുങ്ങുന്നു. ചട്ടങ്ങളിൽ സമഗ്രമായ ഭേദഗതി വരുത്തുന്നതിനായി സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. 29 വകുപ്പുകളിലെ 10 ശതമാനം രണ്ടാം ഗസറ്റഡ് തസ്തികകൾ കെഎഎസിനായി മാറ്റിവെക്കണമെന്ന പ്രധാന വ്യവസ്ഥ ഒഴിവാക്കാനാണ് തീരുമാനം. ഇതോടെ ഉദ്യോഗസ്ഥരെ ഏത് തസ്തികയിൽ നിയമിക്കണമെന്ന് സർക്കാരിന് സ്വന്തം നിലയിൽ തീരുമാനിക്കാനാകും.
എട്ടുവർഷം സർവീസ് പൂർത്തിയാക്കിയാൽ ഐഎഎസ് പദവിയിലേക്ക് പരിഗണിക്കണമെന്ന സുപ്രധാന ചട്ടവും പുതിയ ഭേദഗതിയിലൂടെ ഒഴിവാക്കും. മുൻകാല പ്രാബല്യത്തോടെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത് എന്നതിനാൽ കെഎഎസ് ആദ്യ ബാച്ചിലുള്ള ഉദ്യോഗസ്ഥർക്കും പുതിയ ചട്ടങ്ങൾ ബാധകമാകും.
പുതിയ റാങ്ക് പട്ടികയിലുള്ളവർക്ക് വേഗത്തിൽ നിയമനം നൽകുന്നതിനായാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാൽ, കെഎഎസിന്റെ പ്രാധാന്യവും ആകർഷണീയതയും ഇല്ലാതാക്കുന്ന നീക്കമാണിതെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു.
Kerala Government to Overhaul KAS Rules; Drops Mandatory Post Reservation and 8-Year IAS Consideration Clause














