നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം അനിശ്ചിതത്വത്തിൽ; സുപ്രീം കോടതി മുൻപ് ആവശ്യം തള്ളിയതിനാൽ തടസ്സങ്ങളെന്ന് നിയമോപദേശം

തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് വിടുന്നതിൽ അനിശ്ചിതത്വം തുടരുന്നു. കഴിഞ്ഞ ജൂണിൽ സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനമെടുത്തിരുന്നെങ്കിലും ഇതുവരെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീൻ ബാബുവിന്റെ കുടുംബം സമർപ്പിച്ച ഹർജി നേരത്തെ ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയ സാഹചര്യത്തിൽ, കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുക്കാൻ സാധ്യതയില്ലെന്നാണ് ഡിജിപിയും അഡ്വക്കേറ്റ് ജനറലും (എജി) സർക്കാരിന് നിയമോപദേശം നൽകിയിരിക്കുന്നത്.

യുഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം സിബിഐക്ക് വിടാൻ തീരുമാനിച്ച ആദ്യ കേസായിരുന്നു ഇത്. സിപിഎം നേതാവ് പി.പി. ദിവ്യ പ്രതിയായ കേസിൽ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചുള്ള സർക്കാരിന്റെ രാഷ്ട്രീയ തീരുമാനം കൂടിയായിരുന്നു ഇത്. എന്നാൽ, കൊലപാതക സംശയവും ബെനാമി ഇടപാടുകളും രാഷ്ട്രീയ ഇടപെടലുകളും അന്വേഷിക്കണമെന്ന കുടുംബത്തിന്റെ വാദങ്ങളിൽ കഴമ്പില്ലെന്ന് കണ്ടാണ് കോടതികൾ നേരത്തെ ഹർജി തള്ളിയത്. സാങ്കൽപ്പിക വാദങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ കേസുകളും സിബിഐക്ക് വിടാനാകില്ലെന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിൽ സിബിഐക്ക് പകരം പുതിയ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിക്കുന്നതാണ് ഉചിതമെന്നാണ് ഡിജിപിയും എജിയും നിർദ്ദേശിച്ചിരിക്കുന്നത്. കേസ് അട്ടിമറിക്കാൻ ശ്രമം നടന്നെന്ന കുടുംബത്തിന്റെ ആരോപണം യുഡിഎഫ് നേരത്തെ ഏറ്റെടുത്തിരുന്നതിനാൽ, സിബിഐ അന്വേഷണത്തിൽ നിന്ന് പിന്നോട്ടുപോയാൽ അത് വലിയ രാഷ്ട്രീയ തിരിച്ചടിയാകുമെന്ന ആശങ്ക സർക്കാരിനുണ്ട്. അതിനാൽ, നിയമോപദേശത്തിന്മേൽ സർക്കാർ എടുക്കുന്ന അന്തിമ തീരുമാനം നിർണ്ണായകമാകും.

Uncertainty Over CBI Probe into ADM Naveen Babu’s Death; Legal Advice Cites Earlier Supreme Court Rejection as Hurdle

More Stories from this section

family-dental
witywide