എഫ്.ബി.ഐ ഏജൻ്റായി ചമഞ്ഞ് വൻ തട്ടിപ്പ്: 22 കാരനായ ഇന്ത്യൻ വംശജൻ യു.എസിൽ അറസ്റ്റിൽ

ഷിക്കാഗോ: അമേരിക്കയിൽ ഇല്ലിനോയിസ് സ്വദേശിയിൽ നിന്ന് 40,000 ഡോളർ (ഏകദേശം 33 ലക്ഷത്തിലധികം രൂപ) തട്ടിയെടുത്ത കേസിൽ ഇന്ത്യൻ വംശജനായ യുവാവ് പൊലീസ് പിടിയിലായി. ഷിക്കാഗോ സ്വദേശിയായ പാർത്ഥ് സി. പട്ടേൽ (22) എന്ന യുവാവാണ് ഇല്ലിനോയിസ് ലീ കൗണ്ടി ഷെരീഫ് ഓഫീസിൻ്റെ അന്വേഷണത്തിൽ അറസ്റ്റിലായത്. വഞ്ചനയിലൂടെയുള്ള മോഷണം, മോഷണശ്രമം എന്നീ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇല്ലിനോയിസിലെ പാവ് പാവ് ഗ്രാമത്തിലെ താമസക്കാരനായ വ്യക്തിയാണ് തട്ടിപ്പിനിരയായത്. ഇയാളുടെ ആപ്പിൾ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു എന്ന് അറിയിച്ചാണ് തട്ടിപ്പുകാർ ആദ്യം ബന്ധപ്പെട്ടത്. തുടർന്ന്, ഹാക്കറെ പിടികൂടാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥൻ എന്ന് വ്യാജേന മറ്റൊരാൾ ഇരയെ വിളിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി പണം നൽകണമെന്ന് വ്യാജ ഏജൻ്റ് ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് ഇരയായ വ്യക്തി നൽകിയ 40,000 ഡോളർ കഴിഞ്ഞ ഏപ്രിൽ 17-ന് അജ്ഞാതനായ ഒരു വ്യക്തി വന്ന് വാങ്ങിപ്പോയി. എന്നാൽ തട്ടിപ്പ് അവിടെയും അവസാനിച്ചില്ല. പ്രതികൾ വീണ്ടും ഇതേ വ്യക്തിയെ ബന്ധപ്പെടുകയും 28,500 ഡോളർ കൂടി ആവശ്യപ്പെടുകയും ചെയ്തു.

രണ്ടാമതും പണം ആവശ്യപ്പെട്ടതോടെ തട്ടിപ്പ് തിരിച്ചറിഞ്ഞ ഇര പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് ലീ കൗണ്ടി ഷെരീഫ് ഓഫീസിലെ ഡിറ്റക്ടീവുകൾ തന്ത്രപരമായി ഒരു കെണിയൊരുക്കി. പൊലീസ് നിർദ്ദേശപ്രകാരം ഇരയായ വ്യക്തി പണം നൽകാമെന്ന് സമ്മതിക്കുകയും, തുക കൈപ്പറ്റാൻ തിങ്കളാഴ്ച നിശ്ചിത സ്ഥലത്ത് എത്തിയ പാർത്ഥ് പട്ടേലിനെ പൊലീസ് കൈയോടെ പിടികൂടുകയുമായിരുന്നു.

പ്രതിയെ ലീ കൗണ്ടി ജയിലിലേക്ക് മാറ്റി. ഇല്ലിനോയിസ് നിയമപ്രകാരം ഗുരുതരമായ ക്ലാസ് 2, ക്ലാസ് 3 ഫെലണി കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഇല്ലിനോയിസിലെ വിചാരണയ്ക്ക് മുൻപുള്ള റിലീസ് നിയമപ്രകാരം താൽക്കാലികമായി വിട്ടയച്ചു. കേസിൻ്റെ ഔദ്യോഗിക വാദം കേൾക്കൽ മേയ് 21-ന് നടന്നു.

22-year-old Indian-origin man arrested in US for impersonating FBI agent in massive fraud

More Stories from this section

family-dental
witywide