ഇന്ത്യൻ കയറ്റുമതിക്ക് തിരിച്ചടി; ഉൽപ്പന്നങ്ങൾക്ക് 10% അധിക നികുതിയുമായി ട്രംപിൻ്റെ ഇരുട്ടടി

വാഷിംഗ്ടൺ: നിർബന്ധിത തൊഴിൽ ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇന്ത്യ ഉൾപ്പെടെ 17 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 10 ശതമാനം അധിക നികുതി ചുമത്തി. ലോകമെമ്പാടുമുള്ള 60 രാജ്യങ്ങളെ ബാധിക്കുന്ന വലിയൊരു വ്യാപാര നടപടിയുടെ ഭാഗമായാണ് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആർ) ജാമിസൺ ഗ്രീർ ഉത്തരവ് പുറപ്പെടുവിച്ചത്. ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരമാണ് ഈ നടപടി.

എല്ലാ രാജ്യങ്ങൾക്കും മേൽ ട്രംപ് ഭരണകൂടം നേരത്തെ ഏർപ്പെടുത്തിയിരുന്ന 10 ശതമാനം താരിഫിന്റെ കാലാവധി അവസാനിക്കുന്നതിന് തൊട്ടുതലേന്നാണ് പുതിയ പ്രഖ്യാപനം ഉണ്ടായത്. കാനഡ, യുകെ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവയ്‌ക്കൊപ്പമാണ് 10 ശതമാനം നികുതി നേരിടുന്ന 17 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടിരിക്കുന്നത്.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ഈ തീരുമാനമെന്ന് യുഎസ്ടിആർ ഓഫീസ് വ്യക്തമാക്കി. നിർബന്ധിത തൊഴിൽ ചൂഷണം തടയുന്ന നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കാത്ത രാജ്യങ്ങൾക്കെതിരെയാണ് യുഎസ് നീക്കം. ഇത് ഒരേസമയം മനുഷ്യാവകാശ ലംഘനവും വ്യാപാര രംഗത്തെ ചൂഷണവുമാണെന്നും, ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാൻ നികുതി വർദ്ധനവ് സഹായിക്കുമെന്നും ജാമിസൺ ഗ്രീർ പറഞ്ഞു.

ആദ്യഘട്ടത്തിൽ ഇന്ത്യയെ 12.5 ശതമാനം നികുതി ചുമത്തേണ്ട രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ, അമേരിക്കൻ നടപടിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ജൂൺ 14-ന് ഇന്ത്യ തങ്ങളുടെ വിദേശ വ്യാപാര നയത്തിൽ ഭേദഗതി വരുത്തിയിരുന്നു. നിർബന്ധിത തൊഴിൽ വഴി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചുകൊണ്ട് ഇന്ത്യ നിയമം കൊണ്ടുവന്നതിനാലാണ് നികുതി നിരക്ക് 10 ശതമാനമായി കുറച്ചത്.

അതേസമയം യുഎസ്ടിആർ നടത്തിയ അന്വേഷണങ്ങളെ ഇന്ത്യ ശക്തമായി എതിർത്തു. ഇരുരാജ്യങ്ങളും തമ്മിൽ നിലവിൽ ചർച്ച ചെയ്യുന്ന ഉഭയകക്ഷി വ്യാപാര കരാറിന്റെ ഭാഗമായി മാത്രമേ ഈ വിഷയങ്ങൾ സംസാരിക്കാനാകൂ എന്നാണ് ഇന്ത്യയുടെ നിലപാട്.

അമേരിക്കൻ സുപ്രീം കോടതി ട്രംപ് ഭരണകൂടത്തിൻ്റെ മുൻകാല ‘റെസിപ്രോക്കൽ താരിഫുകൾ’ നിയമവിരുദ്ധമെന്ന് കാട്ടി റദ്ദാക്കിയതിനെ തുടർന്നാണ് യുഎസ്ടിആർ പുതിയ അന്വേഷണം ആരംഭിച്ചതും നിലവിലെ നടപടികളിലേക്ക് നീങ്ങിയതും.

ഇന്ത്യയുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയും രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയുമാണ് അമേരിക്ക. 2025-ലെ കണക്കുകൾ പ്രകാരം ഇരുരാജ്യങ്ങളും തമ്മിൽ 141 ബില്യൺ ഡോളറിന്റെ വ്യാപാരം നടന്നിട്ടുണ്ട്. ഇതിൽ 87.3 ബില്യൺ ഡോളറും ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിയാണ്. പുതിയ നികുതി ഘടന ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.

Trump imposes 10 percent additional tax on Indian products

More Stories from this section

family-dental
witywide