
വാഷിംഗ്ടൺ: പുതിയ എയർഫോഴ്സ് വൺ വിമാനത്തിൻ്റെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വാർത്ത നൽകിയ ‘ന്യൂയോർക്ക് ടൈംസ്’ മാധ്യമപ്രവർത്തകർക്കെതിരെ പുറപ്പെടുവിച്ചിരുന്ന സമൻസുകൾ അമേരിക്കൻ നീതിന്യായ വകുപ്പ് പിൻവലിച്ചു. മാധ്യമപ്രവർത്തകരെയും അവരുടെ കുടുംബാംഗങ്ങളെയും ലക്ഷ്യമിട്ടുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നീക്കത്തെ ഫെഡറൽ കോടതി ശക്തമായി ചോദ്യം ചെയ്തതിനെ തുടർന്നാണ് ഈ നാടകീയ പിൻമാറ്റം.
ഖത്തർ ഭരണകൂടം അമേരിക്കയ്ക്ക് സമ്മാനമായി നൽകിയ പുതിയ ബോയിംഗ് 747-8 വിമാനത്തിന് മിസൈൽ പ്രതിരോധ സംവിധാനങ്ങൾ അടക്കമുള്ള അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഇല്ലെന്ന് ന്യൂയോർക്ക് ടൈംസ് ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് ശേഷം സുരക്ഷാ കാരണങ്ങളാൽ പഴയ വിമാനത്തിലാണ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മടങ്ങിയതെന്നും വാർത്തയിലുണ്ടായിരുന്നു.
ഭരണകൂട രഹസ്യങ്ങൾ ചോർന്നത് അന്വേഷിക്കാനാണ് സമൻസ് എന്നാണ് ട്രംപ് അനുകൂല അഭിഭാഷകർ വാദിച്ചതെങ്കിലും, ഇത് മാധ്യമസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ന്യൂയോർക്ക് ടൈംസ് ചൂണ്ടിക്കാട്ടി. മാധ്യമപ്രവർത്തകരുടെ അമ്മ, പങ്കാളി എന്നിവരുടെ ഫോൺ രേഖകൾ വരെ ഫെഡറൽ ഏജൻസികൾ ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം നടന്ന കോടതി വാദത്തിനിടയിൽ, സമൻസുകൾ അയച്ചതിൽ നടപടിക്രമപരമായ പിഴവുകൾ സംഭവിച്ചതായി യു.എസ് അറ്റോർണിയുടെ ചീഫ് കൗൺസിൽ ഷോൺ ബക്ലി സമ്മതിച്ചു. തുടർന്ന് ജഡ്ജി അരുൺ സുബ്രഹ്മണ്യൻ നിലവിലെ സമൻസുകൾ റദ്ദാക്കാൻ അനുവദിക്കുകയായിരുന്നു. എന്നാൽ, ഔദ്യോഗിക വിവരങ്ങൾ ചോർത്തിയവർക്കെതിരെയുള്ള അന്വേഷണം തുടരുമെന്ന് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ഗവൺമെൻ്റിൻ്റെ പിൻമാറ്റം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിൻ്റെ വലിയ വിജയമാണെന്ന് ന്യൂയോർക്ക് ടൈംസ് ചീഫ് ലോയർ ഡേവിഡ് മക്ക്രോ പ്രതികരിച്ചു. അന്താരാഷ്ട്ര മാധ്യമ സംഘടനയായ ‘റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സും’ കോടതി ഇടപെടലിനെ സ്വാഗതം ചെയ്തു.
Air Force One controversy: US administration withdraws summons against journalists














