തിരുപ്പതി ക്ഷേത്രത്തിന് 160 കോടി രൂപയുടെ സ്വർണാഭരണങ്ങൾ സംഭാവന; 121 കിലോ സ്വർണം നൽകിയ വർധമാൻ ജെയിൻ ആരാണ്?

തിരുപ്പതി: തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിന് 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന ചെയ്ത് ശ്രദ്ധനേടി വ്യവസായി വർധമാൻ ജെയിൻ. ഏകദേശം 160 കോടി രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് അദ്ദേഹം ക്ഷേത്രത്തിന് സമർപ്പിച്ചത്. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

ആക്‌സസ് ഹെൽത്ത്‌കെയറിന്റെയും ഏഷ്യ ചെന്നൈ എൻജിനീയറിങ്ങിന്റെയും സ്ഥാപകനാണ് വർധമാൻ ജെയിൻ. ചെന്നൈയിലെ ജിആർടി ജ്വല്ലേഴ്‌സിൽ പ്രത്യേകം രൂപകൽപ്പന ചെയ്ത് നിർമിച്ച 45 ആഭരണങ്ങളാണ് സംഭാവനയായി നൽകിയത്. ഒൻപത് സെറ്റുകളിലായാണ് ഇവ തയ്യാറാക്കിയത്. ക്ഷേത്രത്തിലെ മൂലവിഗ്രഹത്തിനും ഉത്സവവിഗ്രഹങ്ങൾക്കും അണിയിക്കാനുള്ള കിരീടം, പത്മപാദങ്ങൾ, അരപ്പട്ട, ഭുജകീർത്തികൾ, ശംഖ്, ചക്രം, അഭയഹസ്തങ്ങൾ തുടങ്ങിയ ആഭരണങ്ങളാണ് ഇതിലുള്ളത്. ക്ഷേത്രത്തിലെ ആഗമശാസ്ത്രവിധികളും ആചാരങ്ങളും പാലിച്ചാണ് ആഭരണങ്ങൾ നിർമിച്ചിരിക്കുന്നത്.

കർശന സുരക്ഷാ ക്രമീകരണങ്ങളോടെ തിരുമലയിലെത്തിച്ച ആഭരണങ്ങൾ രംഗനായകുള മണ്ഡപത്തിൽ പൊതുദർശനത്തിനായി പ്രദർശിപ്പിച്ചിരുന്നു. വെള്ളിയാഴ്ച മുതൽ പുതിയ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ അണിയിക്കുമെന്ന് ക്ഷേത്ര അധികൃതർ അറിയിച്ചു.

ആരാണ് വർധമാൻ ജെയിൻ?

തിരുപ്പതി ക്ഷേത്രത്തിന് ഇതാദ്യമായല്ല വർധമാൻ ജെയിൻ വലിയ സംഭാവനകൾ നൽകുന്നത്. ഈ വർഷം മേയിൽ ക്ഷേത്രത്തിന്റെ ആവശ്യങ്ങൾക്കായി വൈദ്യുത ബസുകളും ശ്രീ വെങ്കിടേശ്വര ഭക്തി ചാനലിന്റെ വികസനത്തിനായി ഏഴുകോടി രൂപയും അദ്ദേഹം സംഭാവന ചെയ്തിരുന്നു. നാണയങ്ങൾ തരംതിരിക്കുന്ന യന്ത്രം വാങ്ങുന്നതിനായി ഒരു കോടി രൂപയും നൽകിയിട്ടുണ്ട്.

വ്യവസായരംഗത്തിന് പുറമെ സാമൂഹിക സേവന മേഖലയിലും സജീവമാണ് വർധമാൻ ജെയിൻ. കാഞ്ചി കാമകോടി ചൈൽഡ്‌സ് ട്രസ്റ്റ് ആശുപത്രിയുടെ മാനേജിങ് ട്രസ്റ്റിയായും അദ്ദേഹം പ്രവർത്തിക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവാക്കൾക്ക് നൈപുണ്യവികസന പരിശീലനം നൽകുന്ന ‘അവിഷ്കർ’ എന്ന സംരംഭത്തിനും അദ്ദേഹം നേതൃത്വം നൽകുന്നു.

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്ര ട്രസ്റ്റുകളിലൊന്നാണ് തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി).

More Stories from this section

family-dental
witywide