
വാഷിംഗ്ടൺ: അമേരിക്കൻ സ്വാതന്ത്ര്യത്തിൻ്റെ 250–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ചിത്രം ആലേഖനം ചെയ്ത പുതിയ 250 ഡോളർ കറൻസി നോട്ട് പുറത്തിറക്കാൻ യുഎസ് ഭരണകൂടം സജീവമായ നീക്കങ്ങൾ നടത്തുന്നു. യുഎസ് ട്രഷറി വകുപ്പ് ഇതിനായുള്ള പ്രാഥമിക മാതൃകകൾ തയ്യാറാക്കിയതായി ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെൻ്റ് വൈറ്റ് ഹൗസ് വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. എന്നാൽ, 160 വർഷം പഴക്കമുള്ള ഫെഡറൽ നിയമം ഭേദഗതി ചെയ്താൽ മാത്രമേ ഈ കറൻസി നോട്ട് യാഥാർത്ഥ്യമാകൂ.
ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രങ്ങൾ യുഎസ് കറൻസി നോട്ടുകളിൽ അച്ചടിക്കുന്നത് 1866 മുതൽ നിലവിലുള്ള ഫെഡറൽ നിയമപ്രകാരം കർശനമായി നിരോധിച്ചിട്ടുള്ളതാണ്. അമേരിക്കൻ നാണയങ്ങളിലും നോട്ടുകളിലും ജനാധിപത്യ മര്യാദകൾ പാലിക്കുന്നതിൻ്റെ ഭാഗമായാണ് ജീവിച്ചിരിക്കുന്ന ഭരണാധികാരികളുടെ ചിത്രങ്ങൾ ഒഴിവാക്കാൻ അന്ന് തീരുമാനിച്ചത്. ട്രംപിൻ്റെ ചിത്രം ഉൾപ്പെടുത്തണമെങ്കിൽ യുഎസ് പാർലമെൻ്റ് (കോൺഗ്രസ്) ഈ നിയമത്തിൽ ഇളവ് അനുവദിക്കേണ്ടതുണ്ട്.
‘ട്രംപിന് നിയമപരമായ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് സൗത്ത് കരോലിനയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ജോ വിൽസൺ ‘ഡോണൾഡ് ജെ. ട്രംപ് 250 ഡോളർ ബിൽ ആക്ട്’ (H.R. 1761) യുഎസ് കോൺഗ്രസിൽ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ 250-ാം വാർഷികത്തോടനുബന്ധിച്ച് ഈ നോട്ട് പുറത്തിറക്കുന്നത് ഉചിതമായ ആദരവായിരിക്കുമെന്നാണ് ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്. കൂടാതെ, യുഎസിലെ കടുത്ത പണപ്പെരുപ്പം കാരണം ജനങ്ങൾക്ക് വലിയ തുക കൈകാര്യം ചെയ്യാൻ ഉയർന്ന മൂല്യമുള്ള നോട്ടുകൾ ആവശ്യമാണെന്നും ബില്ലിൽ വാദിക്കുന്നു.ഈ ബിൽ യുഎസ് കോൺഗ്രസിൻ്റെ ഇരുസഭകളും (ജനപ്രതിനിധി സഭയും സെനറ്റും) പാസാക്കിയാൽ മാത്രമേ നോട്ടുകൾ അച്ചടിക്കാൻ ട്രഷറി വകുപ്പിന് അന്തിമ അനുമതി ലഭിക്കൂ.
250 ഡോളർ നോട്ടിൻ്റെ കാര്യം കോൺഗ്രസിൻ്റെ അനുമതിക്കായി കാത്തിരിക്കുകയാണെങ്കിലും, ട്രംപുമായി ബന്ധപ്പെട്ട മറ്റ് ചില സുപ്രധാന തീരുമാനങ്ങൾ യുഎസ് ട്രഷറി വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് ചരിത്രത്തിൽ ആദ്യമായി ഒരു സിറ്റിംഗ് പ്രസിഡൻ്റിൻ്റെ ഒപ്പ് കറൻസി നോട്ടുകളിൽ ഉൾപ്പെടുത്താൻ ട്രഷറി വകുപ്പ് തീരുമാനിച്ചു. ഇതിൻ്റെ ഭാഗമായി ഡോണൾഡ് ട്രംപിൻ്റെ ഒപ്പുള്ള പുതിയ 100 ഡോളർ നോട്ടുകളുടെ അച്ചടി ഉടൻ ആരംഭിക്കും. സാധാരണയായി യുഎസ് ട്രഷറി സെക്രട്ടറിയുടെയും ട്രഷററുടെയും ഒപ്പുകളാണ് കറൻസികളിൽ ഉണ്ടാകാറുള്ളത്. ഇതിന് പുറമെ, രാജ്യത്തിൻ്റെ 250-ാം വാർഷികത്തിൻ്റെ ഭാഗമായി ട്രംപിൻ്റെ മുഖചിത്രം പതിപ്പിച്ച പ്രത്യേക 24 കാരറ്റ് സ്വർണ്ണ നാണയം പുറത്തിറക്കാനും ഫെഡറൽ പാനൽ നേരത്തെ അനുമതി നൽകിയിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടി ഈ നീക്കത്തെ രാജ്യത്തോടുള്ള ആദരവായി കാണുമ്പോൾ, ഡെമോക്രാറ്റുകളും പ്രതിപക്ഷവും ഇതിനെ കടുത്ത രാഷ്ട്രീയ നാടകമായാണ് വിലയിരുത്തുന്നത്. കറൻസി പോലുള്ള ദേശീയ പ്രതീകങ്ങളെ വ്യക്തിപൂജയ്ക്കായി ഉപയോഗിക്കുന്നു എന്നാണ് വിമർശകരുടെ വാദം. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യുഎസ് കോൺഗ്രസിൽ ഈ ബിൽ പാസാക്കിയെടുക്കുക എളുപ്പമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
$250 note with Trump’s image: US Treasury prepares, but faces serious legal hurdles














