
ടെഹ്‌റാൻ: ഇറാൻ്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനിയുടെ നിലവിലെ അവസ്ഥയെയും ഒളിത്താവളത്തെയും കുറിച്ച് അന്താരാഷ്ട്ര തലത്തിൽ ദുരൂഹതയേറുന്നു. യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്. എന്നാൽ പദവിയിലെത്തിയ ശേഷം ഇതുവരെ അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ മുജ്തബയ്ക്കും ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം നിലവിൽ ഇറാനിൽ ഇല്ലെന്നുമാണ് പുറത്തുവരുന്ന പുതിയ വിവരങ്ങൾ.
അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത ഭാഷയിലുള്ള രേഖാമൂലമുള്ള പ്രസ്താവനകൾ മുജ്തബ ഖമേനിയുടെ പേരിൽ ഇറാൻ ഔദ്യോഗിക ടെലിവിഷൻ വഴി പുറത്തു വരുന്നുണ്ടെങ്കിലും, അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നതിന് സ്വതന്ത്രമായ മറ്റ് സ്ഥിരീകരണങ്ങളൊന്നുമില്ല. ഫെബ്രുവരിയിലെ വ്യോമാക്രമണത്തിൽ മുജ്തബയുടെ ഭാര്യ സഹ്‌റ ഹദ്ദാദ് ആദലും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
ഇറാൻ്റെ പുതിയ നേതൃത്വത്തെ കൂടുതൽ സംശയത്തിലാക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. പരമോന്നത നേതാവിനെ നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയാനെ ടെഹ്‌റാനിലെ ഒരു രഹസ്യ കേന്ദ്രത്തിലേക്ക് അതീവ സുരക്ഷയോടെയാണ് കൊണ്ടുപോയത്. പൂർണ്ണമായും കറുത്ത ഗ്ലാസുകളുള്ള ഒരു വാഹനത്തിൻ്റെ പിൻസീറ്റിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
പരസ്പരം കാണാനോ കൈ കൊടുക്കാനോ സുരക്ഷാ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ഇരുട്ടിലിരുന്ന് സംസാരിച്ച ആ ശബ്ദം യഥാർത്ഥ മുജ്തബ ഖമേനിയുടേത് തന്നെയാണോ എന്ന് പ്രസിഡൻ്റ് പിന്നീട് സംശയം പ്രകടിപ്പിച്ചതായി ‘ഇറാൻ ഇൻ്റർനാഷണൽ’ റിപ്പോർട്ട് ചെയ്തു. ഖമേനിയുമായി നേരിട്ട് ബന്ധപ്പെടുക എന്നത് നിലവിൽ അതീവ ദുഷ്‌കരമാണെന്ന് പ്രസിഡൻ്റ് പെസെഷ്കിയാൻ പിന്നീട് ഔദ്യോഗിക ടെലിവിഷനോട് സമ്മതിക്കുകയും ചെയ്തു.
മുജ്തബ ഖമേനി നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണെന്ന് ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുൻപ് നടന്ന വ്യോമാക്രമണത്തിൽ അദ്ദേഹത്തിൻ്റെ മുഖത്തിന് ഗുരുതരമായി പരിക്കേൽക്കുകയും വൈരൂപ്യം സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് സൂചന. ആക്രമണ ഭീഷണിയുള്ളതിനാൽ അദ്ദേഹം പൂർണ്ണമായും ഒളിവിൽ കഴിയുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മുജ്തബ ഇറാനിലില്ലെന്ന് സൂചന
സൗദി മാധ്യമമായ അൽ-ഹദത്ത് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം മുജ്തബ ഖമേനി ഇപ്പോൾ ഇറാനിൽ ഇല്ല. അദ്ദേഹത്തിൻ്റെ പേരിൽ പുറത്തുവരുന്ന ഔദ്യോഗിക സന്ദേശങ്ങളെല്ലാം ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ചീഫ് അഹമ്മദ് വാഹിദിയുടെ നേതൃത്വത്തിലാണ് തയ്യാറാക്കുന്നത്. ഭരണാധികാരിയുടെ അഭാവത്തിൽ ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് ബാഗർ ഘാലിബാഫ്, പ്രസിഡൻ്റ് പെസെഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി എന്നിവരാണ് നിലവിൽ ഇറാൻ്റെ നയതന്ത്ര കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇതേത്തുടർന്ന് ഇറാൻ ഭരണകൂടത്തിലെ തീവ്ര നിലപാടുകാരും നിലവിലെ താൽക്കാലിക നേതൃത്വവും തമ്മിൽ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായതായും റിപ്പോർട്ടുകളുണ്ട്.
Is Mojtaba Khamenei not in Iran? Iran’s leadership is in uncertainty; Reports of serious injury















