തുരപ്പൻ പണി കാണിച്ചു, ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയതിന്‍റെ കാരണം പറഞ്ഞ് മന്ത്രി; നിപ രോഗി വെന്‍റിലേറ്ററിൽ തുടരുന്നു, പുതിയ കേസുകളില്ല, ഷിഗെല്ലയിൽ 3 മരണം

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വീഴ്ചകളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കടുത്ത ഭാഷയിൽ മറുപടിയുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ രംഗത്ത്. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ചയുണ്ടായെന്ന ആക്ഷേപങ്ങൾ തള്ളിയ മന്ത്രി, വകുപ്പിലെ ചില ഉദ്യോഗസ്ഥർ സർക്കാരുമായി സഹകരിക്കുന്നില്ലെന്നും കുറ്റപ്പെടുത്തി. നിപ പരിശോധനാ ഫലം ഉച്ചയ്ക്ക് ഒരു മണിക്ക് വന്നിട്ടും അന്നത്തെ ആരോഗ്യവകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. റീന തന്നെ വിവരം അറിയിച്ചില്ലെന്ന് മന്ത്രി വെളിപ്പെടുത്തി. വൈകിട്ട് 5.30-ന് വാർത്താസമ്മേളനം നടത്തുമ്പോഴും ഫലം ലഭിക്കാതിരുന്നതിനാലാണ് തനിക്ക് ഔദ്യോഗികമായി സ്ഥിരീകരിക്കാൻ കഴിയാഞ്ഞതെന്നും, എന്നാൽ തന്നോടൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡിഎച്ച്എസ് വിവരം മറച്ചുവെച്ചുവെന്നും മന്ത്രി ആരോപിച്ചു. ഇത്തരത്തിൽ തുരപ്പൻ പണി കാണിക്കുന്നവരെ ഇനിയും മാറ്റുമെന്നും അത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും അദ്ദേഹം തുറന്നടിച്ചു.

നിപ രോഗിക്ക് മരുന്നില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ദിവസം തന്നെ റിബാവറിൻ മരുന്ന് നൽകിയിരുന്നു. ഇന്ത്യയിൽ ലഭ്യമല്ലാതിരുന്ന റെംഡിസിവിർ മരുന്ന് ബഹ്‌റൈനിൽ നിന്ന് എത്തിച്ച് ഇന്ന് രാവിലെ ആദ്യ ഡോസ് നൽകി. നിലവിൽ രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ തുടരുകയാണ്. രോഗിയുടെ സമ്പർക്കപ്പട്ടികയിലുള്ള 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവായത് വലിയ ആശ്വാസമാണ്. 44 ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ള സമ്പർക്കപ്പട്ടികയിലുള്ള എല്ലാവർക്കും കൃത്യമായ നിരീക്ഷണവും സഹായവും ആരോഗ്യവകുപ്പ് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിപ പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ തന്നെ വ്യക്തിപരമായി ആക്രമിച്ചാലും വിട്ടുവീഴ്ചയ്ക്കില്ലെന്നും എന്നാൽ ജോലി ചെയ്യുന്ന ഡോക്ടർമാരെയും ജീവനക്കാരെയും വേട്ടയാടരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സംസ്ഥാനത്ത് നിപയ്ക്ക് പിന്നാലെ ഷിഗെല്ല രോഗബാധ പടരുന്നതിലും മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ 135 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്; ഇതിൽ രണ്ട് മരണങ്ങളും കോഴിക്കോട് ജില്ലയിലാണ്. ഏറ്റവും ഒടുവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിയായ 54 വയസ്സുകാരിക്ക് മരണശേഷമാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിൽ മാത്രം 68 പേർക്കും വയനാട്ടിൽ 16 പേർക്കും നിലവിൽ രോഗം ബാധിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലുള്ള നാല് കുട്ടികളിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും മന്ത്രി അറിയിച്ചു. രോഗവ്യാപനം തടയാൻ ജൂൺ മാസം മുതൽ ‘സ്റ്റോപ്പ് ഡയേറിയ’ ക്യാമ്പയിൻ ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിപ പ്രതിരോധ കേന്ദ്രമായ കോഴിക്കോട്ട് താനില്ലെന്ന വിമർശനങ്ങൾക്കും മന്ത്രി മറുപടി നൽകി. ഏകോപന പ്രവർത്തനങ്ങൾ തിരുവനന്തപുരത്തിരുന്ന് നടത്തുന്നതാണ് കൂടുതൽ ഫലപ്രദമെന്നും സമാനമായി മുൻ മുഖ്യമന്ത്രിയും ഇപ്പോൾ പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ അമേരിക്കയിലിരുന്ന് ക്യാബിനറ്റ് ചേർന്നത് അദ്ദേഹം ഓർമ്മിപ്പിച്ചു. ഏകോപനത്തിൽ ജനപ്രതിനിധികളെ ഉൾപ്പെടുത്തുന്നില്ലെന്ന പരാതി പരിഹരിക്കാൻ മന്ത്രി മുഹമ്മദ് റിയാസുമായി ചർച്ച നടത്തിയിട്ടുണ്ട്. ഇപ്പോൾ തനിക്കെതിരെ ഉയരുന്നത് ചാറ്റൽമഴ മാത്രമാണെന്നും വലിയ ഇടിവെട്ടിയുള്ള മഴ പിന്നാലെ വരുമെന്ന് അറിയാമെന്നും അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഓർമ്മിപ്പിച്ചു. ആരോഗ്യവകുപ്പ് ഒരു ശതമാനം പോലും വിട്ടുവീഴ്ചയില്ലാതെ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

‘DHS Sabotaged Government Efforts’, Minister K Muraleedharan Hits Back at Allegations and Explains Removal of Top Health Official

More Stories from this section

family-dental
witywide