ഹോർമുസ് ഉപരോധം നീങ്ങി, ഇന്ത്യക്കും വലിയ ആശ്വാസം; ഇന്ധനവും രാസവളവുമായി 34 ഇന്ത്യൻ കപ്പലുകൾ കുതിച്ചെത്തും

യു.എസ്-ഇറാൻ ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കിയതോടെ, ഇന്ത്യയിലേക്കുള്ള ചരക്കുഗതാഗതം പുനഃസ്ഥാപിക്കാൻ വഴിതുറക്കുന്നു. രാസവളവും ഇന്ധനവും അടക്കമുള്ള അത്യന്താപേക്ഷിതമായ ഉൽപന്നങ്ങളുമായി 34 കപ്പലുകളാണ് ഇന്ത്യയിലേക്ക് തിരിക്കാനായി നിലവിൽ ഹോർമുസിൽ കാത്തുനിൽക്കുന്നത്. മേഖലയിലെ യു.എസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ കപ്പൽ ഗതാഗതം സജീവമായിട്ടുണ്ട്. ഇന്ത്യയിലേക്ക് പുറപ്പെട്ട തദ്ദേശീയ കപ്പലുകളും വിദേശ ചരക്കുകപ്പലുകളും നിലവിൽ ഹോർമുസിലുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

ഉപരോധം നീക്കിയതിന് തൊട്ടുപിന്നാലെ 62,370 ടൺ ദ്രവീകൃത പ്രകൃതിവാതകവുമായി (എൽ.എൻ.ജി.) ‘ദിഷ’ എന്ന കപ്പൽ ഇന്ത്യ ലക്ഷ്യമാക്കി യാത്ര തിരിച്ചിട്ടുണ്ട്. ഈ കപ്പൽ ജൂൺ 18-ഓടെ ഗുജറാത്ത് തീരത്ത് അടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോർമുസ് കടലിടുക്ക് കടന്ന് ഈ ചരക്കുകപ്പലുകൾ രാജ്യത്ത് എത്തുന്നതോടെ, കഴിഞ്ഞ കുറച്ചുനാളുകളായി ഇന്ത്യ നേരിടുന്ന ഊർജ്ജ പ്രതിസന്ധിക്ക് വലിയ തോതിൽ അയവുവരുമെന്നാണ് വിലയിരുത്തൽ. ഇത് ആഭ്യന്തര വിപണിയിൽ ഇന്ധനവില കുറയുന്നതിലേക്ക് നയിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുജനങ്ങൾ.

മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ പ്രകടമായ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും കപ്പൽ ഗതാഗത കമ്പനികൾ ഇപ്പോഴും കടുത്ത ജാഗ്രത തുടരുകയാണ്. ഒമാൻ തീരത്തുണ്ടായ യു.എസ്. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ, ഇന്ത്യൻ കപ്പലുകളുടെ സുരക്ഷ കേന്ദ്രസർക്കാർ അതീവ ശ്രദ്ധയോടെ നിരീക്ഷിക്കുന്നുണ്ട്. നാവികരുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് ചരക്കുനീക്കം വേഗത്തിലാക്കാനുള്ള നയതന്ത്ര നീക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്.

34 Ships Await Passage to India From Strait of Hormuz Following US-Iran Breakthrough

More Stories from this section

family-dental
witywide