യുണൈറ്റഡ് സ്റ്റേറ്റ്സിലെ മിനസോട്ടയിലുള്ള മെകാലെസ്റ്റർ കോളേജിലെ ബയോളജി പ്രൊഫസർ പോൾ ഫിഷറിനെതിരെ വിദ്യാർഥിനിയുടെ ബാഗിൽ മൂത്രമൊഴിച്ച കേസിൽ പോലീസ് കേസെടുത്തു. 2025 ഡിസംബർ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജിലെ ഒലിൻ-റൈസ് സയൻസ് സെന്ററിൽ ബാഗ് വെച്ച് പുറത്തുപോയി തിരിച്ചെത്തിയ വിദ്യാർഥിനിയാണ് തന്റെ ബാഗിൽ മൂത്രം കണ്ടെത്തിയത്. പോൾ ഫിഷറുടെ ഓഫീസിന് പുറത്തുവെച്ചാണ് സംഭവം നടന്നതെന്നും, ആ സമയത്ത് അവിടെയുണ്ടായിരുന്ന ഏക വ്യക്തി ഇയാളായതിനാൽ ഫിഷറാണ് ഉത്തരവാദിയെന്ന് വിദ്യാർഥിനി പരാതിയിൽ ആരോപിച്ചു. സംഭവത്തിൽ ബാഗിനും മറ്റ് സാധനങ്ങൾക്കുമായി ഏകദേശം 2,000 ഡോളറിന്റെ നാശനഷ്ടമുണ്ടായതായും പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തെക്കുറിച്ച് കോളേജ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ 25 വർഷത്തിലധികം ക്യാമ്പസിൽ അധ്യാപകനായിരുന്ന പോൾ ഫിഷർ ജോലിയിൽനിന്ന് രാജിവെച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ ഇയാൾക്കെതിരെ മുൻപും സമാനരീതിയിലുള്ള ആറ് പരാതികൾ ഉയർന്നിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ക്യാമ്പസിനുള്ളിലെ മാലിന്യപ്പാത്രങ്ങളിലും കുടിവെള്ള ബോട്ടിലുകളിലും അലങ്കാരവസ്തുക്കളിലും ഇയാൾ മുൻപും മൂത്രമൊഴിക്കുന്നത് പതിവാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വർഷമായി കപ്പിൽ മൂത്രമൊഴിച്ച് സിങ്കിലോ വേസ്റ്റ് ബോക്സിലോ കളയുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നും, അങ്ങനെ വേസ്റ്റ് ബോക്സിലേക്ക് ഒഴിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വിദ്യാർഥിനിയുടെ ബാഗിലേക്ക് വീണതാകാം എന്നുമാണ് പോലീസിന്റെ ചോദ്യം ചെയ്യലിൽ പോൾ ഫിഷർ വാദിച്ചത്. ഇയാളെ നവംബർ ആദ്യവാരം കോടതിയിൽ ഹാജരാക്കും. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷംവരെ തടവുശിക്ഷയും 10,000 ഡോളർവരെ പിഴയും ലഭിച്ചേക്കാം.
US Police Register Case Against College Professor for Urinating in Student’s Bag











