ബിഹാറിൽ നിതീഷ് യുഗം അവസാനിച്ചു; പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരി

പട്‌ന: ബിഹാറിൽ നിതീഷ് കുമാർ യുഗം അവസാനിച്ചു. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ ബീഹാർ മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാർ രാജിവെച്ചതോടെയാണ് നിതീഷ് യുഗത്തിന് അവസാനമായിരിക്കുന്നത്. ഇന്ന് അവസാനത്തെ മന്ത്രിസഭാ യോഗത്തിനുശേഷം ലോക്ഭവനിലെത്തി അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കുകയും പുതിയ സർക്കാരിന് പൂർണ സഹകരണവും അദ്ദേഹം ഉറപ്പുനൽകുകയും ചെയ്യും.

അതേസമയം, ബീഹാറിലെ പുതിയ മുഖ്യമന്ത്രിയായി നിലവിലെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരി ചുമതലയേൽക്കും. ഇന്ന് വൈകീട്ട് ചേർന്ന എൻഡിഎ യോഗത്തിന് ശേഷമാണ് പുതിയ മുഖ്യമന്ത്രിയായി സാമ്രാട്ട് ചൗധരിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകീട്ട് നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

ബിഹാറിൽ പുതിയ മുഖ്യമന്ത്രിയാകുക ഒബിസി വിഭാഗത്തിൽനിന്നുള്ള സാമ്രാട്ട് ചൗധരിയാകുമെന്ന് നേരത്തേ തന്നെ സൂചനകളുണ്ടായിരുന്നു. അതിനിടെ, ബിജെപി നേതാക്കളായ നിത്യാനന്ദ് റായ്, രേണു ദേവി തുടങ്ങിയവരുടെ പേരുകളും പരിഗണിച്ചിരുന്നു. ജെഡിയു നേതാവും നിതീഷ് കുമാറിൻ്റെ മകനുമായ നിഷാന്ത് കുമാർ മുഖ്യമന്ത്രിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്നാണ് എല്ലാ അഭ്യൂഹങ്ങൾക്കും വിരാമം കുറിച്ച് സാമ്രാട്ട് ചൗധരിയെ പുതിയ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.

ബിഹാറിൻ്റെ മുഖ്യമന്ത്രിയായി പത്തുതവണയാണ് ജെഡിയു അധ്യക്ഷനായ നിതീഷ് കുമാർ ചുമതലയേറ്റത്. അടുത്തിടെയാണ് അദ്ദേഹം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബിഹാറിൽ എംഎൽഎ, എംഎൽസി പദവികളിലും ലോക്സഭഎം.പി.യായും പ്രവർത്തിച്ച നിതീഷ്, രാജ്യസഭ എം.പിയാകുന്നത് ആദ്യമായിട്ടാണ്. തന്റെ മനസിൽ ഒരു ആഗ്രഹം ഉണ്ടായിരുന്നതായും അത് നിറവേറ്റുന്നതിനായാണ് രാജ്യസഭയിലേക്ക് പോകുന്നതെന്നുമായിരുന്നു നിതീഷ് കുമാറിൻ്റെ പ്രതികരണം.

Nitish era ends in Bihar; Samrat Chaudhary becomes new CM

More Stories from this section

family-dental
witywide