
പറ്റ്ന: ബീഹാറിലെ നളന്ദ ജില്ലയിലുള്ള സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച ഇരുപതിലധികം വിദ്യാർത്ഥികൾക്ക് വിഷബാധയേറ്റു. നൂർസരായ് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പരസി മിഡിൽ സ്കൂളിലാണ് ചൊവ്വാഴ്ച ഞെട്ടിക്കുന്ന സംഭവം നടന്നത്. അസുഖം ബാധിച്ച കുട്ടികളെ ഉടനടി ബീഹാർഷെരീഫ് സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ കുട്ടികൾ എല്ലാവരും അപകടാവസ്ഥ തരണം ചെയ്തെന്ന് സിവിൽ സർജൻ ഡോ. ജയ് പ്രകാശ് സിംഗ് അറിയിച്ചു.
ഒരു സന്നദ്ധ സംഘടന സ്കൂളിൽ എത്തിച്ചുനൽകിയ സോയാബീൻ ചോറാണ് കുട്ടികൾക്ക് വിതരണം ചെയ്തതെന്ന് പ്രിൻസിപ്പൽ ശൈലേന്ദ്ര കുമാർ സിംഗ് പറഞ്ഞു. ഭക്ഷണം കഴിച്ച ചില കുട്ടികൾക്ക് ഇതിൽ ഉപ്പില്ലെന്ന് പരാതിപ്പെട്ടിരുന്നു. തുടർന്ന് അടുക്കളയിൽ പരിശോധിച്ചപ്പോഴാണ് ഗുരുതരമായ വീഴ്ച ബോധ്യപ്പെട്ടത്. ഉപ്പും സോപ്പുപൊടിയും ഒരേ സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്. പാചകക്കാരൻ അബദ്ധത്തിൽ ഡിറ്റർജന്റ് പൗഡർ ഉപ്പാണെന്ന് കരുതി ഭക്ഷണത്തിൽ ചേർക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.
ഭക്ഷണം കഴിച്ചയുടൻ തന്നെ കുട്ടികൾക്ക് തലകറക്കവും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. സ്കൂളിൽ വെച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും നില വഷളായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവമറിഞ്ഞ് ബീഹാർ ഗ്രാമവികസന മന്ത്രി ശ്രാവൺ കുമാർ ആശുപത്രി സന്ദർശിക്കുകയും കുട്ടികളുടെ ആരോഗ്യസ്ഥിതി വിലയിരുത്തുകയും ചെയ്തു. കുട്ടികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഉച്ചഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഉണ്ടായ ഈ ഗുരുതരമായ സുരക്ഷാവീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Washing powder added instead of salt; Over 24 students hospitalized after eating lunch in Bihar















