കാലിഫോർണിയയിൽ ഇന്ത്യൻ വംശജയായ യുവതിയെ പിന്തുടർന്ന് കൊലപ്പെടുത്തി

സാക്രമെന്റോ: കാലിഫോർണിയയിലെ സാക്രമെന്റോയിൽ ഇന്ത്യൻ വംശജയായ 38കാരിയെ റസ്റ്ററന്റിന് പുറത്ത് പിന്തുടർന്ന് വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്. ചൊവ്വാഴ്ച നടന്ന സംഭവത്തിൽ 22കാരനായ റോഹിത്താണ് പ്രതിയെന്നാണ് വിവരം. ഒരു വർഷത്തോളം യുവതിയെ പിന്തുടർന്ന് ശല്യം ചെയ്തിരുന്ന ഇയാൾക്കെതിരെ കോടതി വിലക്കുത്തരവ് നിലവിലുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

അർഡൻ-ആർക്കേഡ് മേഖലയിലെ പനേര ബ്രെഡ് ഔട്ട്‌ലെറ്റിന് പുറത്താണ് ശാലിനി ഠാക്കൂറിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നാലെ റോഹിത് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഹൈവേ 50ൽ പൊലീസ് ഇയാളെ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കുതർക്കമുണ്ടായതിനിടെ ഇയാൾ സ്വയം വെടിവെച്ചതായാണ് റിപ്പോർട്ട്. ആക്രമണത്തിനിടെ ശാലിനി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റോഹിത് പിന്നാലെ എത്തി പലതവണ വെടിയുതിർക്കുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ആളുകൾ നോക്കിനിൽക്കെയാണ് ആക്രമണം നടന്നത്. നിലത്തുവീണ ശേഷവും ഇയാൾ അടുത്തെത്തി ശാലിനിയുടെ തലയിലേക്ക് വെടിയുതിർത്തതായും അധികൃതർ പറഞ്ഞു.

ഉച്ചയ്ക്ക് മൂന്നോടെ വെടിയൊച്ച കേട്ടെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ്, ഹോവ് അവന്യൂവിലെ 800 ബ്ലോക്കിലുള്ള റസ്റ്ററന്റിന് പുറത്ത് ശാലിനിയെ അബോധാവസ്ഥയിൽ കണ്ടെത്തി. മെഡിക്കൽ സംഘം സ്ഥലത്തുവച്ചുതന്നെ മരണം സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമമായ കെസിആർഎ റിപ്പോർട്ട് ചെയ്തു. പ്രതിയുടെ വാഹനത്തിന്റെ അവസാനമായി കണ്ടെത്തിയ സ്ഥലം പൊലീസ് സ്ഥിരീകരിക്കുകയും പിന്നാലെ വാഹനം കണ്ടെത്തുകയും ചെയ്തതായി ലെഫ്റ്റനന്റ് അമർ ഗാന്ധി പറഞ്ഞു. പൊലീസ് വാഹനം തടയാൻ ശ്രമിച്ചപ്പോൾ റോഹിത് പെട്ടെന്ന് ബ്രേക്ക് ചെയ്ത് ഹൈവേയിൽ നിർത്തുകയായിരുന്നു. തുടർന്ന് പൊലീസ് നടപടിയുടെ ഭാഗമായി കാലിഫോർണിയ ഹൈവേ പട്രോൾ കിഴക്കോട്ടുള്ള എല്ലാ പാതകളും അടച്ചു.

കെസിആർഎ ചാനൽ 3 പുറത്തുവിട്ട ദൃശ്യങ്ങളിൽ ഷെരീഫ് വിഭാഗത്തിന്റെ നിരവധി വാഹനങ്ങൾ, ആയുധധാരികളായ ഉദ്യോഗസ്ഥർ, പ്രതിയുടെ കാറിന് ചുറ്റും നിൽക്കുന്നതായി കാണാമായിരുന്നു. പിന്നീട് ഡ്രൈവർ വശത്തെ ജനൽ തകർത്ത ഉദ്യോഗസ്ഥർ കാറിനുള്ളിലേക്ക് ഡ്രോൺ അയച്ച ശേഷമാണ് വാഹനത്തിനടുത്തേക്ക് നീങ്ങിയത്.ഡ്രൈവർ സീറ്റിൽ കുനിഞ്ഞ നിലയിൽ റോഹിത്തിനെ കണ്ടെത്തുകയായിരുന്നു. സ്വയം വെടിവെച്ചതെന്ന് കരുതുന്ന പരിക്കാണ് ഇയാൾക്കുണ്ടായിരുന്നത്. പിന്നീട് ഈ വെടിയേറ്റാണ് റോഹിത് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു. പൊലീസ് ഉദ്യോഗസ്ഥർ വെടിയുതിർത്തതായി തോന്നുന്നില്ലെന്നും കെസിആർഎ റിപ്പോർട്ട് ചെയ്തു.

ശാലിനിയുടെ അമ്മ സുദേഷ് കുമാരി പറയുന്നതനുസരിച്ച്, ഏകദേശം ഒരു വർഷമായി റോഹിത് മകളെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നു. ശാലിനിയെ വിവാഹം കഴിക്കാൻ ഇയാൾ ആഗ്രഹിച്ചിരുന്നെങ്കിലും പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി അവൾ വിവാഹാഭ്യർഥന നിരസിച്ചതായും അമ്മ പറഞ്ഞു. തന്റെ ഏക മകളുമായുള്ള അവസാന ഫോൺ സംഭാഷണത്തെക്കുറിച്ചും സുദേഷ് പറഞ്ഞു. ഉച്ചയ്ക്ക് 1.58നാണ് ഇരുവരും അവസാനമായി സംസാരിച്ചത്. ഏകദേശം ഒരു മണിക്കൂറിന് ശേഷമാണ് വെടിവെപ്പ് നടന്നത്. 15 മിനിറ്റിനുള്ളിൽ തിരിച്ചുവിളിക്കാമെന്ന് ശാലിനി അമ്മയോട് പറഞ്ഞിരുന്നെങ്കിലും പിന്നീട് വിളിച്ചില്ല.

രണ്ടുവർഷം മുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട സുദേഷ്, മകൾക്ക് അയച്ച മറുപടി ലഭിക്കാത്ത ഫോൺകോളുകളുടെയും വാട്സ്ആപ്പ് സന്ദേശങ്ങളുടെയും വിവരങ്ങളും പങ്കുവച്ചു. “ദയവായി എന്നെ വിളിക്കൂ”, “എനിക്ക് നിന്നെക്കുറിച്ച് ആശങ്കയുണ്ട്” തുടങ്ങിയ സന്ദേശങ്ങളാണ് അവർ അയച്ചിരുന്നത്.പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം, 2025 സെപ്റ്റംബറോടെയാണ് റോഹിത്തിന്റെ പിന്തുടരൽ ആരംഭിച്ചത്. പിന്നീട് ഇത് കൂടുതൽ ഇടയ്ക്കിടെയും ഗുരുതരവുമായിത്തീർന്നതായി കോടതി രേഖകളിൽ വ്യക്തമാക്കുന്നതായി റിപ്പോർട്ടുണ്ട്. ശാലിനി ജോലി ചെയ്തിരുന്ന സ്ഥലത്ത് ഡോർഡാഷ് ഓർഡറുകൾ എടുക്കാനെത്തിയിരുന്ന റോഹിത്തിനെ അവിടെവച്ചാണ് പരിചയപ്പെട്ടതെന്നാണ് വിവരം.

ഇയാളുടെ പെരുമാറ്റം രൂക്ഷമായതോടെ ശാലിനി കോടതിയിൽ നിന്ന് വിലക്കുത്തരവ് നേടി. മണിക്കൂറുകളോളം വീടിന് പുറത്ത് കാത്തുനിൽക്കുക, കാറിന്റെ ടയറുകളിലെ കാറ്റഴിച്ചുവിടുക, യാത്രകൾ നിരീക്ഷിക്കുന്നതിനായി വാഹനത്തിന്റെ അടിയിൽ ആപ്പിൾ എയർടാഗ് സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികൾ റോഹിത് നടത്തിയതായി രേഖകളിൽ പറയുന്നു. ശാലിനിയെ വിവാഹത്തിന് നിർബന്ധിച്ചെന്നും അവൾക്ക് ആരുമായി സൗഹൃദം പുലർത്താമെന്നതിൽ നിയന്ത്രണം ഏർപ്പെടുത്താൻ ശ്രമിച്ചെന്നും വിലക്കുത്തരവ് രേഖകളിൽ പറയുന്നു. ഒരിക്കൽ ശാലിനിയുടെ ഫ്ലാറ്റിന്റെ താക്കോലിന്റെ പകർപ്പ് ഉണ്ടാക്കി, അവൾ ഉറങ്ങിക്കിടക്കുമ്പോൾ വീട്ടിൽ കയറിയതായും രേഖകളിൽ ആരോപണമുണ്ട്.

മേയ് 19നാണ് റോഹിത്തിന് വിലക്കുത്തരവ് ഔദ്യോഗികമായി കൈമാറിയത്. എന്നാൽ പിന്നീട് ഇയാൾ ഉത്തരവ് ലംഘിച്ചു. ജൂലൈ അവസാനത്തോടെ, വിലക്കുത്തരവ് നിലവിലിരിക്കെ ശാലിനിയുടെ വീട്ടുപടിക്കൽ പലചരക്ക് സാധനങ്ങൾ എത്തിച്ച് വച്ചതായും റിപ്പോർട്ടുണ്ട്.

A 38-year-old woman of Indian origin was chased and shot dead outside a restaurant in Sacramento, California