സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈൻ ആക്രമണത്തിന് പിന്നിൽ ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: സൗദി അറേബ്യയിലെ ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് കരുതുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണത്തെ തുടർന്ന് ഗൾഫ് മേഖലയിലെ എണ്ണ കയറ്റുമതിക്ക് നിർണായകമായ പൈപ്പ്‌ലൈൻ സൗദി അറേബ്യ അടച്ചു. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യാൻ സഹായിക്കുന്ന പ്രധാന പാതയാണിത്.

ഇറാനാണോ ആക്രമണത്തിന് പിന്നിലെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അയർലൻഡിലെ ഡബ്ലിനിൽ ട്രംപ് “അങ്ങനെയാണെന്ന് ഞാൻ കരുതുന്നു, സാധ്യതയേറെയാണ്” എന്ന് പ്രതികരിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹത്തെ “നല്ല സുഹൃത്ത്” എന്നാണ് ട്രംപ് വിശേഷിപ്പിച്ചതെന്നും അറിയിച്ചു.

അതേസമയം, ഇറാനുമായി സഖ്യമുള്ള യെമനിലെ ഹൂതി വിമതർ യുഎസ് ഭരണകൂടവുമായി ബന്ധപ്പെട്ടതായും സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെടുന്നത് അവർ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ചതായും ട്രംപ് പറഞ്ഞു. “അമേരിക്ക ഇടപെടാതിരിക്കുന്നതാണ് അവർ കൂടുതൽ ആഗ്രഹിക്കുന്നത്. മിക്ക കപ്പലുകളെയും അവർ കടന്നുപോകാൻ അനുവദിക്കുന്നുണ്ട്. ഒരു രാജ്യത്തോട് മാത്രമാണ് അവർക്ക് അത്ര സന്തോഷമില്ലാത്തത്. അത് ഞങ്ങൾ പരിഹരിക്കും,” ട്രംപ് പറഞ്ഞു.

വ്യാഴാഴ്ച റിയാദ്, മദീന മേഖലകളിലെ എണ്ണ പമ്പിങ് സ്റ്റേഷനുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് സൗദി അറേബ്യ പ്രധാന ഈസ്റ്റ്-വെസ്റ്റ് എണ്ണ പൈപ്പ്‌ലൈൻ അടച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. നാശനഷ്ടങ്ങളുടെ വിശദമായ വിലയിരുത്തൽ തുടരുകയാണ്. ഒന്നിലധികം ആക്രമണങ്ങൾക്ക് പിന്നാലെ “മുൻകരുതൽ നടപടിയായാണ്” പൈപ്പ്‌ലൈൻ അടച്ചതെന്ന് സൗദി ഊർജ മന്ത്രാലയം അറിയിച്ചു. ഇറാന്റെ പിന്തുണയുള്ള സായുധ സംഘങ്ങൾ പ്രവർത്തിക്കുന്ന ഇറാഖിൽ നിന്നാണ് നിരവധി ഡ്രോണുകൾ എത്തിയതെന്നും ആക്രമണത്തിൽ ആളുകൾക്ക് പരിക്കേൽക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തതായും സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ആക്രമണത്തിന് ഇതുവരെ സൗദി തിരിച്ചടി നൽകിയിട്ടില്ല. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ ബാഗ്ദാദിന് സമയം നൽകണമെന്ന് ഇറാഖ് പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സൗദിയുടെ തീരുമാനം. തങ്ങളുടെ പരമാധികാരവും സുരക്ഷയും എണ്ണ സംവിധാനങ്ങളും ജനങ്ങളെയും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള അവകാശം നിലനിർത്തുന്നതായി സൗദി മുന്നറിയിപ്പ് നൽകി.

1980കളിൽ നിർമിച്ച ഏകദേശം 1,200 കിലോമീറ്റർ നീളമുള്ള ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈൻ സൗദിയുടെ എണ്ണ ഉൽപാദന മേഖലയായ കിഴക്കൻ ഭാഗത്ത് നിന്ന് ചെങ്കടൽ തീരത്തെ യൻബുവിലേക്കാണ് പോകുന്നത്.ഇറാൻ യുദ്ധം ശക്തമായതോടെ പൈപ്പ്‌ലൈന്റെ പ്രാധാന്യം വർധിച്ചിട്ടുണ്ട്. ഹോർമുസ് കടലിടുക്ക് ഒഴിവാക്കി സൗദിക്ക് എണ്ണ കയറ്റുമതി ചെയ്യാൻ ഈ പൈപ്പ്‌ലൈൻ സഹായിക്കുന്നു. നിലവിലെ സാഹചര്യത്തിൽ കടലിടുക്കിലൂടെയുള്ള ടാങ്കർ ഗതാഗതം വലിയ തോതിൽ തടസ്സപ്പെട്ടിരിക്കുകയാണ്.കഴിഞ്ഞ ഏതാനും മാസങ്ങളിലായി പ്രതിദിനം 40 ലക്ഷം മുതൽ 50 ലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ വഴി കടത്തിയതായി കപ്പൽ ഗതാഗതം നിരീക്ഷിക്കുന്ന കമ്പനികളും വിദഗ്ധരും പറയുന്നു. ഇത് ആഗോള എണ്ണ വിതരണത്തിന്റെ ഏകദേശം 4 മുതൽ 5 ശതമാനം വരെയാണ്.

പൈപ്പ്‌ലൈൻ സമീപത്തെ പമ്പിങ് സ്റ്റേഷനുകൾക്ക് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായാണ് യുഎസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. ഒരു പമ്പിങ് സ്റ്റേഷനിൽ തീപിടിത്തവും കനത്ത കറുത്ത പുകയും ഉയരുന്നതിന്റെ ദൃശ്യങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്. എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ എത്ര സമയം വേണ്ടിവരും എന്നതും പൈപ്പ്‌ലൈന് നേരിട്ട് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോയെന്നതും വ്യക്തമല്ല.ഇറാഖ് പ്രധാനമന്ത്രിയുടെ അഭ്യർഥന മാനിച്ച് “നിലവിൽ” തിരിച്ചടി നൽകേണ്ടതില്ലെന്ന് സൗദി തീരുമാനിച്ചതായി അറിയിച്ചു. ആക്രമണത്തെ ഇറാഖ് അപലപിച്ചു. സൗദി അറേബ്യയ്‌ക്കോ അയൽരാജ്യങ്ങൾക്കോ എതിരെ ആക്രമണം നടത്താൻ ഇറാഖിന്റെ ഭൂപ്രദേശമോ വ്യോമപാതയോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും ബാഗ്ദാദ് വ്യക്തമാക്കി. ആക്രമണം ഇറാഖിൽ നിന്നാണ് ഉണ്ടായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് ഒരു സൈനിക കമാൻഡറെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.

Trump says Iran ‘probably’ behind Saudi pipeline attack as oil route shut

More Stories from this section

family-dental
witywide